തിരുവനന്തപുരം: കലോത്സവ വേദിയില്‍ മിമിക്രി, മോണോ ആക്‌ട് മത്സരങ്ങള്‍ കാണാൻ തിരക്ക് ഏറെയാണ്. മത്സരം കാണാനെത്തിയവരുടെ കൂട്ടത്തില്‍ ചലച്ചിത്ര താരവും കോമഡി ആർട്ടിസ്റ്റുമായ കുട്ടി അഖിലും ഉണ്ട്. മിമിക്രി മത്സര ദിവസം ഡേറ്റ് നോക്കി കാത്തിരുന്ന് വന്നതാണ് താരം. 'പിള്ളേരൊക്കെ വേറെ ലെവലാണ്. എല്ലാവരും അപ്‌ഡേറ്റഡ് ആണ്. മിമിക്രി മത്സരാർഥികളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് കാഴ്‌ച വച്ചതെന്നും ഇവരോടൊപ്പം ഞങ്ങൾക്കൊക്കെ ഇനി പിടിച്ചു നിൽക്കാൻ പറ്റുമോ' എന്നും അഖിൽ ഇടിവി ഭാരതിനോട് പറഞ്ഞു.
'കലോത്സവത്തിൻ്റെ മൂന്നാം ദിനമാണ് മിമിക്രി മത്സരങ്ങൾ അരങ്ങേറുന്നത് എന്ന് അറിയാമായിരുന്നു. ഞങ്ങളുടെ മേഖല മിമിക്രി ആയതുകൊണ്ട് തന്നെ പുതിയ താരങ്ങളെ നേരിട്ട് കാണണം. കുട്ടികൾ അവതരിപ്പിക്കുന്ന പുതിയ നമ്പറുകൾ ഏതൊക്കെയാണെന്ന് അറിയണം. പണ്ടത്തെപ്പോലെ ഒരു തബലയിലും മൃദംഗത്തിലുമൊന്നും തീരില്ലല്ലോ... ഇപ്പോഴത്തെ പിള്ളേര്‍ടെ അത്രയും കഴിവൊന്നും നമക്കില്ലല്ലോ..." കുട്ടി അഖില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'63 -ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിനത്തിൽ ഏറ്റവും വലിയ ആകർഷണം മിമിക്രി മത്സരം തന്നെയായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. മിമിക്രി, മോണോ ആക്‌ട്, ടാബ്ലോ വിഭാഗങ്ങളിലാണ് പങ്കെടുത്തത്. അന്ന് മൂന്നാം സമ്മാനം ലഭിച്ചിട്ടുണ്ടായിരുന്നു. അന്നൊക്കെ ഒന്നോ രണ്ടോ മിമിക്രി നമ്പറുകളുമായിട്ടാണ് വേദിയിൽ കയറുക. ഇത്തവണ ബീറ്റ് ബോക്‌സിങ് വരെ അവതരിപ്പിക്കുന്ന കുട്ടികളെ കണ്ടു.
ഞങ്ങൾക്കൊപ്പം കൂട്ടാൻ സാധിക്കുന്ന ഒരുപാട് പ്രതിഭകളെ നോട്ടമിട്ട് വച്ചിട്ടുണ്ട്. തിരുവനന്തപുരം സത്യത്തിൽ ഉത്സവ അന്തരീക്ഷത്തിൽ ആണെന്നും കുട്ടി അഖിൽ പറഞ്ഞു. ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞ ഉടനെ തന്നെ സ്‌കൂൾ കലോത്സവം ആരംഭിച്ചു. എല്ലാം സന്തോഷമുളവാക്കുന്ന കാര്യങ്ങൾ തന്നെ' എന്നും കുട്ടി അഖിൽ പറഞ്ഞു. കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും കുട്ടി അഖിൽ ആശംസകൾ അറിയിച്ചു. സെയിൻ്റ് ജോസഫ് സ്‌കൂളിലെ വേദി ആറിൽ ആണ് മിമിക്രി മത്സരങ്ങൾ അരങ്ങേറിയത്.