മുംബൈ : ഇന്ത്യയിലെ മാധ്യമ ബിസിനസ് ലയിപ്പിക്കുന്ന 70,000 കോടിയുടെ കരാറുകളിൽ ഒപ്പുവെക്കുന്നതായി വാള്‍ട്ട് ഡിസ്‌നിയും റിലയന്‍സും സംയുക്തമായി അറിയിച്ചു. ഒന്നാകുന്ന കമ്പനിയുടെ 63.16 ശതമാനം ഓഹരി റിലയൻസും അനുബന്ധ സ്ഥാപനങ്ങളും ബാക്കി 36.84 ശതമാനം ഓഹരി ഡിസ്നിയും കൈവശം വയ്ക്കുമെന്നാണ് കമ്പനികൾ പ്രസ്‌താവനയിൽ അറിയിച്ചത്.
ഒടിടി ബിസിനസ് വികസിപ്പിക്കുന്നതിനായി സംയുക്ത സംരംഭത്തിൽ 11,500 കോടിയോളം രൂപ നിക്ഷേപിക്കാനും റിലയൻസ് സമ്മതിച്ചിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാകും സംയുക്ത സംരംഭത്തിന് നേതൃത്വം നൽകുക. ഉദയ് ശങ്കർ വൈസ് ചെയർ പേഴ്‌സണാകും. സംയുക്ത സംരംഭത്തിന്‍റെ മൂല്യം 70,352 കോടി രൂപ (8.5 ബില്യൺ ഡോളർ) ആണെന്ന് പണത്തിന് സംയുക്ത പ്രസ്‌താവനയില്‍ പറയുന്നു.
ഡിസ്‌നി ചില അധിക മീഡിയ ആസ്‌തികളും സംയുക്ത സംരംഭത്തിലേക്ക് നല്‍കാന്‍ സാധ്യതയുണ്ട്. ഇതോടെ വിനോദത്തിനും സ്‌പോർട്‌സിനുമുള്ള ഇന്ത്യയിലെ മുൻനിര ടിവി, ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാകും ഈ സംയുക്ത സംരംഭം. വിനോദ ചാനലായ കളേഴ്‌സ്, സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ഗോള്‍ഡ്, സ്‌പോർട്‌സ് ചാനലുകളായ സ്റ്റാര്‍ സ്‌പോർട്‌സ്, സ്‌പോർട്‌സ് 18 എന്നിവയടക്കമുള്ള മീഡിയ ആസ്‌തികള്‍ ഒരുമിച്ച് കൊണ്ടുവരും. ജിയോ സിനിമയും ഹോട്ട്സ്റ്റാറും ഇതില്‍ ഉള്‍പ്പെടും. പുതിയ സംരംഭത്തിന് ഇന്ത്യയിലുടനീളം 750 ദശലക്ഷത്തിലധികം കാഴ്‌ചക്കാർ ഉണ്ടാകും.ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്കും ഇത് ഉപകരിക്കും.
ഇന്ത്യൻ വിനോദ വ്യവസായത്തിൽ ഒരു പുതിയ യുഗം കുറിക്കുന്ന കരാറാണിതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്ക് മിതമായ നിരക്കിൽ സമാനതകളില്ലാത്ത പരിപാടികള്‍ എത്തിക്കുന്നതിന് സംയുക്ത സംരംഭം സഹായകരമാകും. റിലയൻസ് ഗ്രൂപ്പിന്‍റെ ഒരു പ്രധാന പങ്കാളിയായി ഞങ്ങൾ ഡിസ്നിയെ സ്വാഗതം ചെയ്യുന്നു എന്നും മുകേഷ് അംബാനി പറഞ്ഞു.
ലോകത്തിലെ ഏറ്റവും ജന സംഖ്യയുള്ള വിപണിയാണ് ഇന്ത്യ. കമ്പനിക്ക് ദീര്‍ഘകാലം ഉപകാരപ്രദമാകുന്ന ഈ സംയുക്ത സംരഭത്തില്‍ ഞങ്ങൾ സന്തുഷ്‌ടരാണ്. ഇന്ത്യൻ വിപണില്‍ റിലയൻസിന് ആഴത്തിലുള്ള ധാരണയുണ്ട്. ഞങ്ങൾ ഒരുമിച്ച്, രാജ്യത്തെ പ്രമുഖ മാധ്യമ കമ്പനികളിലൊന്ന് സൃഷ്‌ടിക്കുമെന്ന് വാൾട്ട് ഡിസ്നി കമ്പനിയുടെ സിഇഒ ബോബ് ഇഗർ പറഞ്ഞു.
റിലയൻസുമായുള്ള ഞങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിൽ അഭിമാനമുണ്ടെന്ന് ബോധി ട്രീ സിസ്റ്റംസ് സഹസ്ഥാപകന്‍ ഉദയ് ശങ്കർ പറഞ്ഞു. മീഡിയയിലും വിനോദത്തിലും ആഗോള പ്രമുഖരായ ഡിസ്‌നിയെ ഉൾപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇന്ത്യയില്‍ വിനോദത്തിന്‍റെ ഭാവി രൂപീകരിക്കുന്നതിനും ഡിജിറ്റൽ ഇന്ത്യയെ ആഗോള മാതൃകയാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ത്വരിതപ്പെടുത്തുന്നതിനും ഈ സംയുക്ത സംരംഭം സഹായകരമാകുമെന്നും ഉദയ് ശങ്കർ പറഞ്ഞു. 2024 അവസാനത്തിലോ 2025 ആദ്യമോ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.