മുംബൈ: യുപിഐ അക്കൗണ്ട് വഴി ഇടപാടുകൾ നടത്താൻ ഒരു വ്യക്തിക്ക് മറ്റൊരാളെ അനുവദിക്കുന്നതിന് ഡെലിഗേറ്റഡ് പേമെൻ്റ് സൗകര്യം അവതരിപ്പിക്കാനൊരുങ്ങി ആർബിഐ. യുപിഐ മുഖേനയുള്ള ഈ സൗകര്യം വഴി പ്രാഥമിക ഉപയോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു ഉപയോക്താവിന് ഒരു നിശ്ചിത പരിധി വരെ യുപിഐ ഇടപാടുകൾ നടത്താനാകും. പ്രാഥമിക ഉപയോക്താവിന്‍റെ അനുമതിയോടെ മാത്രമെ യുപിഐയുമായി ലിങ്ക് ചെയ്‌ത അക്കൗണ്ടിൽ നിന്ന് പണമിടപാട് നടത്താനാകൂ. കൂടാതെ രണ്ടാമത്തെ ഉപയോക്താവിന് യുപിഐയുമായി ലിങ്ക് ചെയ്‌ത പ്രത്യേക ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
അറിയാം ആർബിഐയുടെ മറ്റു തീരുമാനങ്ങൾ: യുപിഐ വഴി നികുതി അടയ്‌ക്കുന്നതിനുള്ള ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയർത്തുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. നിലവിലെ ഇടപാട് പരിധി ഒരു ലക്ഷം രൂപയാണ്. ഇത് യുപിഐ വഴിയുള്ള ഉപഭോക്താക്കൾക്ക് നികുതി അടയ്ക്കൽ കൂടുതൽ എളുപ്പമാക്കും. ചെക്ക് പേമെൻ്റ് വേഗത്തിലാക്കാനുള്ള നടപടികളും ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ ഓൺലൈൻ വായ്‌പ ആപ്പുകളുടെ പൊതുശേഖരവും ആർബിഐ നടത്താനൊരുങ്ങുന്നു. വായ്‌പ ആപ്പുകളുടെ എണ്ണം വർധിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ഇതുവഴിയുള്ള തട്ടിപ്പുകൾ ഇല്ലാതാക്കുന്നതും ലക്ഷ്യം വച്ചാണ് റിസർവ് ബാങ്കിന്‍റെ നീക്കം. അനധികൃത വായ്‌പ ആപ്പുകളെ തിരിച്ചറിയാനാണ് ഉപഭോക്താക്കളെ സഹായിക്കുന്നതാണ് നടപടി.