ന്യൂഡൽഹി : വളർത്തുമൃഗങ്ങളുടെ പരിപാലനം, ദത്തെടുക്കൽ എന്നിവയിൽ ജീവനക്കാർക്ക് പിന്തുണ നൽകുമെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ഏപ്രിൽ 11 ന് ദേശീയ വളർത്തുമൃഗ ദിനത്തിലാണ് നയം അവതരിപ്പിച്ചത്.
2020 ൽ അവതരിപ്പിച്ച ലിംഗ-നിഷ്‌പക്ഷ രക്ഷാകർതൃ നയം അടിസ്ഥാനമാക്കി ബോണ്ടിങ് ലീവുകൾക്ക് പുറമേ ദത്തെടുക്കൽ, വാടക ഗർഭം, ഗർഭം അലസൽ, ഐവിഎഫ് എന്നിവയുമായി ബന്ധപ്പെട്ടും സ്വിഗ്ഗി അവധി നല്‍കും.
അതിന് പുറമെ വളർത്തുമൃഗങ്ങളുടെ പരിപാലനവും ഉൾപ്പെടുത്തുന്നതിനായി ഇപ്പോൾ രക്ഷാകർതൃത്വത്തിന്‍റെ നിർവചനം വിപുലീകരിക്കുകയാണെന്ന് സ്വിഗ്ഗി ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫിസർ ഗിരീഷ് മേനോൻ പറഞ്ഞു. അതുകൊണ്ടാണ്, ഇന്ന് മുതൽ മുഴുവൻ സമയ ജീവനക്കാർക്കു വേണ്ടി "സ്വിഗ്ഗി പൗ ടേണിറ്റി പോളിസി" പ്രഖ്യാപിക്കുന്നത്.
പോളിസി പ്രകാരം, ജീവനക്കാർക്ക് അവരുടെ പുതിയ വളർത്തുമൃഗങ്ങളെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ഒരു അധിക ശമ്പള ദിന അവധി ലഭിക്കും. വളർത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് അവരുടെ പുതിയ കുടുംബാംഗത്തിന് ആശ്വാസവും പിന്തുണയും നൽകുന്നതിനായി സെറ്റിൽ-ഇൻ കാലയളവിൽ വീട്ടിൽ നിന്ന് ജോലി തെരഞ്ഞെടുക്കാമെന്നും ഗിരീഷ് മേനോൻ പറഞ്ഞു.
മാത്രമല്ല, വളർത്തുമൃഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉടമകള്‍ക്ക് അവരുടെ കാഷ്വൽ അവധി ഉപയോഗിക്കാൻ കഴിയും. ഇത് വാക്‌സിനേഷനോ അസുഖമുള്ളതോ പരിക്കേറ്റതോ ആയ വളർത്തുമൃഗത്തെ വെറ്ററിനറി ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോകുന്നതിനായാലും, പോളിസി ജീവനക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളെ പരിപാലിക്കാൻ ആവശ്യമായ സമയം ചെലവഴിക്കാൻ അനുവദിക്കുമെന്നും മേനോൻ പറഞ്ഞു.
വളർത്തുമൃഗങ്ങളുടെ മരണാനന്തര അവധിയും ഉടമകൾക്ക് സ്വിഗ്ഗി വാഗ്‌ദാനം ചെയ്യും, ജീവനക്കാർക്ക് അവരുടെ നഷ്‌ടത്തിൽ നിന്ന് കരകയറാൻ ആവശ്യമായ സമയം നൽകുകയും ചെയ്യും.
ALSO READ: കളിയും ചിരിയും 'റോബോട്ടിക് വളര്‍ത്തുനായ'ക്കൊപ്പം ; പുത്തന്‍ ആശയം അവതരിപ്പിച്ച് ആറാം ക്ലാസുകാരി