മുംബൈ: ഓഹരിവിപണി ഇന്ന് കനത്ത നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബോംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,064.12 പോയിന്‍റ് ഇടിഞ്ഞു. അതായത് 1.3ശതമാനം നഷ്‌ടത്തില്‍ 89,684ല്‍ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം ദേശീയ സൂചികയായ നിഫ്‌റ്റി 332.25 പോയിന്‍റ് ഇടിഞ്ഞ് 24,336ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്‌റ്റിയിലെ അന്‍പത് കമ്പനികളില്‍ രണ്ടെണ്ണം മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 48 കമ്പനികള്‍ക്ക് കനത്ത നഷ്‌ടം നേരിട്ടു. കൊപ്‌ല, ഐടിസി കമ്പനികളാണ് ലാഭം നേടിയത്. ശ്രീറാം ഫിനാന്‍സ്, ഗ്രാസിം, ഹീറോ മോട്ടോകോ., ഭാരതി എയര്‍ടെല്‍, ജെഎസ്‌ഡബ്ല്യു സിമെന്‍റ് തുടങ്ങിയ മുന്‍നിരകമ്പനികള്‍ കനത്ത നഷ്‌ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നവംബര്‍ മാസത്തെ ഇന്ത്യയുടെ വ്യാപാര കണക്കുകള്‍ പുറത്ത് വന്നതാണ് ഓഹരി വിപണിയിലെ കനത്ത നഷ്‌ടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ ആഗോള വിപണിയിലെ ദുര്‍ബലമായ ചോദനയും നഷ്‌ടത്തിന് ഹേതുവായി. ഇവ രണ്ടും രാജ്യത്തെ സാമ്പത്തിക കാഴ്‌ചപ്പാടിനെയും വളര്‍ച്ചാനിരക്കിനെയും സംബന്ധിച്ച് നിക്ഷേപകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്‌തു.
ഇന്ത്യയുടെ വാണിജ്യ കമ്മി ഏറ്റവും ഉയരത്തിലാണ്. ഇതും നിക്ഷേപകരെ സ്വാധീനിച്ചു. കയറ്റുമതിയിലുണ്ടായ ഇടിവും രൂപയുടെ മൂല്യം നേരിടുന്ന സമ്മര്‍ദ്ദങ്ങളും തിരിച്ചടിയായി.
ദുര്‍ബലമായ കയറ്റുമതി, കറന്‍സി സമ്മര്‍ദ്ദം, വാണിജ്യ കമ്മി എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. ഇതോടെ ഇവര്‍ നിക്ഷേപം പിന്‍വലിക്കുകയും വന്‍ തോതില്‍ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്‌തു.
വ്യവസായ മേഖല നെഗറ്റീവ് വാര്‍ഷിക വളര്‍ച്ചയാണ് കാട്ടുന്നതെന്ന് സെബി റിസര്‍ച്ച് അനലിസ്റ്റ് വി എല്‍എ അംബാല ചൂണ്ടിക്കാട്ടി. ഇത് നിക്ഷേപകരിലും ആശങ്ക സൃഷ്‌ടിച്ചു. കറന്‍സിയുടെ മൂല്യത്തിലുണ്ടായ ഇടിവ് നമ്മുടെ സമ്പദ്ഘടനയെ പിന്നോട്ട് അടിച്ചതും നമ്മുടെ വാങ്ങല്‍ ശേഷിയെ ബാധിച്ചു.
ഇതിനിടെ, മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന സൂക്ഷ്‌മ ചെറുകിട ഇടത്തരം കമ്പനികളുടെ ലാഭത്തിന് പുത്തന്‍ വ്യവസായ നയങ്ങള്‍ തിരിച്ചടിയായി. ഇടത്തരം വ്യവസായങ്ങളും സമ്മര്‍ദ്ദം നേരിട്ടു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചെറുകിട ഇടത്തരം വ്യവസായങ്ങളിലെ ചെറുകിട നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും വിപണി നിയന്ത്രകര്‍ പുത്തന്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിപണിയില്‍ കുറച്ച് ദിവസം കൂടി സമ്മര്‍ദ്ദം തുടരും. വരും ദിവസങ്ങളില്‍ ആഗോള ചോദന സാഹചര്യങ്ങളും ആഭ്യന്തര സാമ്പത്തിക സൂചകങ്ങളും, കറന്‍സിയുടെ മൂല്യവും ആകും വിപണിയിലെ ലാഭ നഷ്‌ടങ്ങള്‍ നിശ്ചയിക്കുക. അത് കൊണ്ട് തന്നെ നിക്ഷേപകര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
നിക്ഷേപകര്‍ ആഗോള -ആഭ്യന്തര മാറ്റങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. ഇതനുസരിച്ചാകും ഭാവി കാര്യങ്ങള്‍ അവര്‍ ആസൂത്രണം ചെയ്യുക.