ന്യൂഡൽഹി: റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് ഫണ്ട് തിരിമറി നടത്തിയെന്നാരോപിച്ച് വ്യവസായി അനിൽ അംബാനിയെയും കമ്പനിയിലെ മറ്റ് 24 പേരെയും ഓഹരി വിപണിയില്‍ നിന്ന് വിലക്കി സെബി. 5 വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിന് പുറമേ അംബാനിക്ക് 25 കോടി രൂപ സെബി പിഴ ചുമത്തി.
വിലക്കിനെ തുടര്‍ന്ന് അഞ്ച് വർഷത്തേക്ക് ലിസ്‌റ്റഡ് കമ്പനിയിലും സെബിയിൽ രജിസ്‌റ്റർ ചെയ്‌ത സ്ഥാപനത്തിലും അനില്‍ അംബാനിക്ക് ഡയറക്‌ടറായോ ഉന്നത സ്ഥാനത്തോ പ്രവര്‍ത്തിക്കാനാവില്ല. റിലയൻസ് ഹോം ഫിനാൻസിനെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് ആറ് മാസത്തേക്ക് സെബി വിലക്കുകയും 6 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തു.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്‍റെ ഫണ്ട് വഴിതിരിച്ചുവിട്ടതായും പണം ചോർത്തിയതായും കാട്ടി ഒന്നിലധികം പരാതികൾ ലഭിച്ചതിന് ശേഷമാണ് സെബി അന്വേഷണം നടത്തിയത്. RHFL-ന്‍റെ ഉന്നത ഉദ്യോഗസ്ഥരായ അമിത് ബപ്‌ന, രവീന്ദ്ര സുധാൽക്കർ, പിങ്കേഷ് ആർ ഷാ എന്നിവരുടെ സഹായത്തോടെ അനിൽ അംബാനി, RHFL-ൽ നിന്നുള്ള ഫണ്ടുകൾ തട്ടാന്‍ പദ്ധതി ആസൂത്രണം ചെയ്‌തതായാണ് സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ബാപ്‌നയിൽ നിന്ന് 27 കോടി രൂപയും സുധാൽക്കറിൽ നിന്ന് 26 കോടി രൂപയും ഷായിൽ നിന്ന് 21 കോടി രൂപയും സെബി പിഴ ഈടാക്കി.
കൂടാതെ, റിലയൻസ് യൂണികോൺ എൻ്റർപ്രൈസസ്, റിലയൻസ് എക്‌സ്‌ചേഞ്ച് നെക്‌സ്‌റ്റ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ക്ലീനൻ ലിമിറ്റഡ്, റിലയൻസ് ബിസിനസ് ബ്രോഡ്കാസ്‌റ്റ് ന്യൂസ് ഹോൾഡിങ്സ് ലിമിറ്റഡ്, റിലയൻസ് ബിഗ് എന്‍റർ ടെയ്ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ ശേഷിക്കുന്ന സ്ഥാപനങ്ങൾക്ക് 25 കോടി രൂപ വീതമാണ് പിഴ ചുമത്തിയത്.
Also Read : ഹിന്‍ഡന്‍ബര്‍ഗ്-അദാനി വിവാദം; സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം