കൊല്ലം : ഓണസദ്യയ്‌ക്ക് ഒഴിച്ചുകൂടാനാവത്ത ഒന്നാണ് പപ്പടം. നാളെ തിരുവോണമെത്തുന്നതിനാൽ ഓണക്കാല പപ്പട വിപണി സജീവമായിരിക്കുകയാണ്. ഇത്തവണ നല്ല കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലം ജില്ലയിലെ പപ്പട നിർമാതാക്കൾ.
സദ്യക്ക് തൊടുകറികൾ വിളമ്പുമ്പോൾ മലയാളിക്ക് തൂശനിലയില്‍ പപ്പടം വേണമെന്ന് നിർബന്ധമാണ്. ജില്ലയിലെ പപ്പടം നിർമ്മാതാക്കൾ വലിയ പ്രതീക്ഷയിലാണ്. വിവാഹ സീസണും, ഓണം തുടങ്ങിയ ആഘോഷങ്ങളുമാണ് പപ്പടമേഖലയെ താങ്ങി നിർത്തുന്നത്.
പണ്ടത്തെ കാലത്ത് പപ്പടം ഉണ്ടാക്കുക എന്നത് വളരെ പ്രയാസമുള്ള പണിയായിരുന്നു. എന്നാൽ ഇന്ന് എല്ലാ പണിയും യന്ത്രങ്ങൾക്ക് വിട്ടുനൽകിയിരിക്കുകയാണ്. ഉഴുന്ന് മാവ് ഉൾപ്പെടെയുള്ള നാലോളം ചേരുവകൾ ചേർത്താണ് പപ്പടം നിർമ്മിക്കുന്നത്. മാവ് കൈകൊണ്ട് കുഴച്ച് ഉരുളയാക്കിയ ശേഷം പരത്തി പരമ്പരാഗതമായി പപ്പടം നിർമ്മിച്ചിരുന്നത്. എന്നാൽ പപ്പടം കുഴയ്ക്കുന്നത് മുതൽ അരിമാവ് വിതറുന്നത് വരെയുള്ള പ്രവർത്തികൾ ഇപ്പോൾ യന്ത്രങ്ങളാണ് ചെയ്യുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചണച്ചാക്കിൽ നിരത്തി പാകത്തിന് ഉണക്കിയെടുത്ത ശേഷം കവറിൽ പായ്ക്ക് ചെയ്യുന്നു. നാടൻ പപ്പടത്തിനാണ് ആവശ്യക്കാർ കൂടുതൽ എത്തുന്നത്. നാടൻ പപ്പട നിർമ്മാണത്തിന് ചെലവ് കൂടുതലാണ്. പപ്പട നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കൾക്ക് വില വർധിച്ചതും എന്നാൽ അതിനനുസരിച്ച് പപ്പടത്തിന് വില വർധിക്കാത്തതും നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കി. ഇന്നും നാളെയുമായി നല്ല വ്യാപാരം നടക്കും എന്ന പ്രതീക്ഷയിലാണ് ഓരോ പപ്പട നിർമ്മാതാക്കളും.