രത്തൻ ടാറ്റയുടെ മരണത്തോടെ ടാറ്റ ട്രസ്‌റ്റിന്‍റെ പുതിയ ചെയർമാനായി നോയൽ ടാറ്റ നിയമിതനായിരിക്കുകയാണ്. നാല് പതിറ്റാണ്ടോളമായി ടാറ്റ ഗ്രൂപ്പിൻ്റെ ഭാഗമാണ് രത്തൻ ടാറ്റയുടെ അർധ സഹോദരൻ കൂടിയായ നോയൽ ടാറ്റ. നിലവിൽ ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ ചെയർമാനും നോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും കൂടിയാണ് . ട്രെൻ്റ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്‌റ്റ്‌മെൻ്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനും ടാറ്റ സ്‌റ്റീൽ ആൻഡ് ടൈറ്റൻ കമ്പനി ലിമിറ്റഡിൻ്റെ വൈസ് ചെയർമാനുമടക്കം ഗ്രൂപ്പിനുള്ളിൽ വിവിധ ബോർഡ് സ്ഥാനങ്ങൾ വഹിക്കുന്ന നോയൽ, ടാറ്റ ഗ്രൂപ്പിന്‍റെ വളർച്ചകളിൽ നിർണായക പങ്ക് വഹിച്ചയാളാണ്. ഐക്യകണ്‌ഠേനയാണ് നോയലിനെ ടാറ്റ ട്രസ്‌റ്റിന്‍റെ ചെയർമാനായി തെരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
നോയൽ ടാറ്റയുടെ വളർച്ച
1999 ജൂണിൽ അമ്മ സിമോൺ ഡുനോയർ സ്ഥാപിച്ച ട്രെൻഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടറായാണ് നോയൽ ടാറ്റ തൻ്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് നോയൽ ടാറ്റ വെസ്‌റ്റെന്‍ഡ്‌സ് ബ്രാന്‍ഡ് വികസിപ്പിച്ച് വിജയകരമായ സംരംഭമാക്കി മാറ്റി. 2000 ത്തിന്‍റെ തുടക്കത്തിലാണ് നോയൽ ടാറ്റ ഗ്രൂപ്പുമായുള്ള ബന്ധം ദൃഢമാക്കി തുടങ്ങുന്നത്. 2003-ൽ നോയൽ, നേവൽ ടാറ്റ ടൈറ്റൻ ഇൻഡസ്ട്രീസിൻ്റെയും വോൾട്ടാസിൻ്റെയും ഡയറക്‌ടറായി. തനിഷ്‌ക്, ടൈറ്റൻ, ടൈറ്റൻ ഐ, ഫാസ്‌ട്രാക്ക് തുടങ്ങി നിരവധി ബ്രാൻഡുകളുള്ള കമ്പനിയാണ് ടൈറ്റൻ. 2014 ൽ ട്രെൻ്റ് ലിമിറ്റഡിൻ്റെ ചെയർമാനായി.
2019-ൽ സർ രത്തൻ ടാറ്റ ട്രസ്‌റ്റിന്‍റെ ബോർഡ് അംഗമായ നോയൽ ടാറ്റ, 2018-ൽ ടൈറ്റൻ കമ്പനിയുടെ വൈസ് ചെയർമാനായും 2022 മാർച്ചിൽ ടാറ്റ സ്‌റ്റീലിൻ്റെ വൈസ് ചെയർമാനായും നിയമിതനായി. 2010-നും 2021-നും ഇടയിൽ നോയൽ ടാറ്റ, ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡിന് നേതൃത്വം നൽകി.
നോയലിന്‍റെ പ്രവർത്തന കാലത്ത് കമ്പനിയുടെ വരുമാനം 500 മില്യണിൽ നിന്ന് 3 ബില്യൺ ഡോളറായി ഉയർന്നു. 1998 ൽ ഒരു സ്റ്റോറിൽ നിന്നാരംഭിച്ച ട്രെൻഡിനെ വിവിധ ഫോർമാറ്റുകളിലായി 700-ലധികം സ്‌റ്റോറുകളിലേക്ക് വിപുലീകരിക്കാനും നോയലിനായി. കഴിഞ്ഞ സാമ്പത്തിക വർഷം ട്രെൻ്റിൻ്റെ അറ്റാദായം 554 കോടി രൂപയിലേറെയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടാറ്റ ഗ്രൂപ്പിൻ്റെ ആഗോള റീട്ടെയിൽ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള നോയൽ, സർ ഡൊറാബ്‌ജി ടാറ്റ ട്രസ്‌റ്റിലും അംഗമായിരുന്നു. ഗ്രൂപ്പിൻ്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ 50 ശതമാനത്തിലധികം ഷെയർ ഹോൾഡിങ് നോയൽ അംഗമായ ടാറ്റ ട്രസ്‌റ്റുകള്‍ക്കുണ്ട്. ഏകദേശം 1.5 ബില്യൺ ഡോളർ ആസ്‌തിയുണ്ട് നോയലിന്.
നോയൽ ടാറ്റയുടെ കുടുംബം
നേവൽ എച്ച് ടാറ്റയുടെയും സൈമൺ എൻ ടാറ്റയുടെയും മകനായാണ് നോയൽ ടാറ്റ. അന്തരിച്ച ശതകോടീശ്വരൻ പല്ലോൻജി മിസ്ത്രിയുടെ മകൾ ആലുവാണ് നോയലിന്‍റെ പങ്കാളി. ആലുവിന്‍റെ കുടുംബത്തിന് ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരിയുണ്ട്. നോയൽ ടാറ്റയുടെ മൂന്ന് മക്കളായ മായ, നെവിൽ, ലിയ എന്നിവർ ടാറ്റ ട്രസ്‌റ്റുമായി ബന്ധപ്പെട്ട വിവിധ ജീവകാരുണ്യ സംഘടനകളുടെ ട്രസ്‌റ്റിമാരാണ്.
രത്തൻ ടാറ്റയിൽ നിന്നും നോയൽ ടാറ്റയിലേക്ക്
രത്തൻ ടാറ്റയുടെ കാലഘട്ടത്തെ പൊതുസമൂഹത്തിലേക്കുള്ള സംഭാവനകളാൽ അടയാളപ്പെടുത്തുമ്പോൾ മറിച്ചാണ് നോയലിന്‍റെ നേതൃശൈലി. ടാറ്റ ഗ്രൂപ്പിൻ്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളിലും റീട്ടെയിൽ മേഖലകളിലുമാണ് നോയൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ടാറ്റയുടെ റീട്ടെയിൽ ഡിവിഷൻ്റെ വളർച്ചയിൽ നോയൽ വഹിച്ച പങ്ക് അതിനിർണായകമായിരുന്നു. രത്തൻ ടാറ്റയുടെ മാധ്യമ കേന്ദ്രീകൃതമായ സമീപനത്തിന്‍റെ കാര്യത്തിലും വ്യത്യസ്‌തത പുലർത്തുന്ന ആളാണ് നോയൽ ടാറ്റ.
ടാറ്റ സൺസിൻ്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ മുൻപും പരിഗണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആ സ്ഥാനം ഒടുവിൽ നോയലിൻ്റെ ഭാര്യാ സഹോദരനായ സൈറസ് മിസ്ത്രിയുടെ പോയി. 2011-ൽ, നോയൽ ടാറ്റയുടെ ഭാര്യാസഹോദരൻ സൈറസ് മിസ്ത്രിയെ രത്തൻ ടാറ്റയുടെ പിൻഗാമിയായി പ്രഖ്യാപിച്ചു. പക്ഷേ, 2016-ൽ അദ്ദേഹത്തെ ടാറ്റ സൺസിൻ്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും 2017 ഫെബ്രുവരിയിൽ രത്തൻ ടാറ്റ നാല് മാസത്തേക്ക് ഗ്രൂപ്പിൻ്റെ ചെയർമാനായി ചുമതലയേൽക്കുകയും ചെയ്‌തു. പിന്നീട് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) സിഇഒ ആയിരുന്ന എൻ ചന്ദ്രശേഖരൻ ആയിരുന്നു ടാറ്റ സൺസിൻ്റെ അധ്യക്ഷ പദവിയിലെത്തിയത്.
എന്തായാലും ജനങ്ങള്‍ ഹൃദയത്തിലേറ്റിയ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയൽ ടാറ്റ എത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ബിസിനസ് ലോകം ഇവരെ ഉറ്റുനോക്കുന്നത്.