ന്യൂഡല്‍ഹി: സഫ്‌ദര്‍ജങ്ങ് റോഡിലെ ഔദ്യോഗിക വസതിയില്‍ നിന്ന് തന്‍റെ ആറാം ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പുറപ്പെട്ടത് രാവിലെ 8.40 നാണ്. എട്ടരയോടെ ധനമന്ത്രാലയത്തിലെ സഹമന്ത്രിമാരായ ഡോ. ഭഗവത് കിഷന്‍ റാവു കാരാട്, പങ്കജ് ചൗധരി, ധനകാര്യ വകുപ്പിലെ സെക്രട്ടറി തുഹിന്‍ കാന്ത് പാണ്ഡേ എന്നിവരും നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയ കാര്യാലയത്തില്‍ എത്തിയിരുന്നു. ഇടക്കാല ബജറ്റിന്‍റെ കോപ്പികള്‍ പാര്‍ലമെന്‍റിൽ എത്തിച്ചതിന് പിന്നാലെ ബജറ്റിന് അംഗീകാരം നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭ യോഗം തുടങ്ങി.

തുടര്‍ച്ചയായി ആറാം ബജറ്റ് അവതരിപ്പിക്കുന്ന നിര്‍മല സീതാരാമനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. തുടര്‍ന്ന് പതിവ് തെറ്റിക്കാതെ രാഷ്‌ട്രപതി ഭവനിലേക്ക്. രാജ്യത്തിന്‍റെ പ്രഥമ പൗര ദ്രൗപദി മുര്‍മു ധനമന്ത്രിയെ സ്വീകരിച്ചത് മധുരം നല്‍കിയാണ്. പതിവനുസരിച്ച് ബജറ്റവതരണത്തിന് രാഷ്‌ട്രപതിയുടെ അനുമതി തേടി നേരെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക്.

ഇതിനിടെ നിര്‍മല സീതാരാമന്‍റെ ആറാം ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിക്കാന്‍ അവരുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും പാര്‍ലമെന്‍റില്‍ എത്തിയിരുന്നു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെത്തിയ കുടുംബത്തിന് ഇത്തവണ പക്ഷേ ഇരിപ്പിടം അനുവദിച്ചത് സന്ദര്‍ശക ഗാലറിയിലായിരുന്നു. കഴിഞ്ഞ തവണ എംപിമാര്‍ക്കുള്ള ഗ്യാലറിയില്‍ മുന്‍ നിരയിലായിരുന്നു ഇവര്‍ക്ക് സീറ്റ് ലഭിച്ചത്. 2021 മുതല്‍ പിന്തുടരുന്നത് പ്രകാരം പേപ്പര്‍ലെസ് ബജറ്റാണ് ഇത്തവണയും നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്.

2019 മുതല്‍ കൈത്തറി സാരികളെ പ്രോല്‍സാഹിപ്പിക്കുന്നതിന് വര്‍ണാഭമായ സാരികളാണ് ധനമന്ത്രി ബജറ്റവതരണ വേളയില്‍ ധരിച്ചു പോരുന്നത്. ഇത്തവണ നീലയും ക്രീമും നിറത്തിലുള്ള സാരിയിലാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിന് എത്തിയത്. 2019ല്‍ പിങ്കില്‍ സ്വര്‍ണ കരയുള്ള മംഗളഗിരി സാരിയായിരുന്നു വേഷം.


2020ല്‍ സ്വര്‍ണ മഞ്ഞ നിറത്തിലുള്ള ചെറിയ നീല കരയുള്ള സില്‍ക്ക് സാരിയായിരുന്നു ബജറ്റ് അവതരണ വേളയിലെ വേഷം. 2021 ല്‍ ചുവപ്പും വെള്ളയും കലര്‍ന്ന തെലങ്കാനയിലെ പ്രസിദ്ധമായ പോച്ചമ്പള്ളി സില്‍ക്ക് സാരിയായിരുന്നു ധനമന്ത്രിയുടെ വേഷം. 2022 ല്‍ ബ്രൗണും ചുവപ്പും കലര്‍ന്ന ഒഡീഷയിലെ പരമ്പരാഗത ബൊംകൈ സാരിയില്‍ ആയിരുന്നു നിര്‍മല എത്തിയത്. കഴിഞ്ഞ തവണ ഗോള്‍ഡന്‍ വര്‍ക്കോട് കൂടിയ ടെമ്പിള്‍ ബോര്‍ഡറോട് കൂടിയ ചുവന്ന സാരിയിലായിരുന്നു ധനമന്ത്രി ബജറ്റ് അവതരണത്തിന് എത്തിയത്.
