തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്‍റെ കേരളത്തോടുള്ള ശത്രുതാസമീപനത്തിനെതിരെ ബജറ്റില്‍ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, മറിച്ച് നമ്മുടെ സംസ്ഥാനത്തിന്‍റെ സാധ്യതകള്‍ ആകെ ഉപയോഗിച്ച് പൊതുസ്വകാര്യ മൂലധന നിക്ഷേപം ശക്തിപ്പെടുത്തി പദ്ധതികള്‍ അതിവേഗം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.
ഇതുവരെ ചെയ്തുവന്നിരുന്ന മാതൃകകളും രീതികളും ശക്തിപ്പെടുത്തുന്നതോടൊപ്പം, വ്യത്യസ്തമായതും വേഗതയേറിയതുമായ Out Of The Box പദ്ധതി മാര്‍ഗങ്ങള്‍ ഇതിനായി സ്വീകരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അടുത്ത മൂന്നുവര്‍ഷം 3 ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും. വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചുകഴിഞ്ഞു. വിദേശത്ത് നിന്നുള്ള രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങൾക്ക് മൂലധന, പലിശ സബ്‌സിഡി നടപ്പാക്കും.
ഇതിനായി പുതുതലമുറ നിക്ഷേപ മാര്‍ഗങ്ങൾ സ്വീകരിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പൊതുമേഖലയിലെ നിക്ഷേപം, മൂലധന പങ്കാളിത്തം, സബ്‌സിഡി സ്‌കീമുകള്‍. സംയുക്ത പദ്ധതികള്‍, ഇന്‍ഫ്രാസ്ട്രെക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ട്രസ്റ്റ്, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്‌റ്റ്‌മെന്‍റ് ട്രസ്റ്റ്, ഹൈബ്രിഡ് ആനിറ്റി മോഡല്‍, സിയാൽ മോഡൽ തുടങ്ങിയ പുതുതലമുറ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ഇതിനായി നിയമ നിർമ്മാണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.