തിരുവനന്തപുരം: രാജ്യത്ത് തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം കേരളത്തിലേതെന്ന് അവകാശപ്പെട്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.
കേന്ദ്ര വാണിജ്യ മന്ത്രാലയവും, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിങിനെ അടിസ്ഥാനപ്പെടുത്തിയുള്ള 2022ലെ ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്കാരം ലഭിച്ചത് കേരളത്തിനാണ്. കഴിഞ്ഞ 3 വര്‍ഷവും കേരളത്തിന് ടോപ് പെര്‍ഫോര്‍മര്‍ പുരസ്കാരവും ലഭിച്ചിരുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടിംഗ് വഴി 5500 കോടി രൂപ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപമായി സമാഹരിക്കാനും സംസ്ഥാനത്ത് 50000 തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും സ്റ്റാര്‍ട്ടപ്പ് മിഷന് കഴിഞ്ഞു. സംസ്ഥാനത്ത് ഇതിനോടകം തന്നെ 5,000 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഗോള തലത്തില്‍ സംരഭക ആശയങ്ങള്‍ കൈമുതലായിട്ടുള്ള ആളുകള്‍ക്ക് കേരളത്തിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ വന്ന് താമസിച്ച് തൊഴില്‍ ചെയ്യുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കും (Finance Minister KN Balagopal's kerala budget 2024).
100 മുതല്‍ 150 വരെ ആളുകള്‍ക്ക് ഒരുമിച്ചിരുന്ന് തൊഴിലെടുക്കാന്‍ കഴിയുന്ന വര്‍ക്ക് നിയര്‍ ഹോം കേന്ദ്രങ്ങള്‍ കേരളത്തിലെ ചില ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെറു നഗരികളിലെ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ സാധ്യതകളെയാണ് ഇത് കാണിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി. വർക്ക് നിയർ ഹോം പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.
ആഗോള കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍റെ രാജ്യത്തെ രണ്ടാമത്തെ റസിഡന്‍ഷ്യല്‍ കാമ്പസ് കൊട്ടാരക്കരയില്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. നൂറ് കണക്കിന് പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭ്യമാകുമെന്നും ധനമന്ത്രി. സംസ്ഥാനമൊട്ടാകെ ലീപ് സെന്‍ററുകള്‍ വ്യാപിപ്പിക്കുന്ന പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയതായും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു.