തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പരിഷ്‌കാരങ്ങളുമായി ധനമന്ത്രി കെഎൻ ബാലഗോപാല്‍ (Finance Minister KN Balagopal's kerala budget 2024). വിദേശ മദ്യത്തിനുള്ള എക്സൈസ് തീരുവ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ ബജറ്റ് പ്രഖ്യാപനം. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ കൂട്ടി.
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ഗാൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പുതുക്കിയ വില ഉടൻ പ്രാബല്യത്തിൽ വരും. ഏതൊക്കെ ബ്രാൻഡിനാകും വില കൂടുന്നതെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവയും കൂട്ടി. യൂണിറ്റിന് 15 പൈസയായാണ് വർധന. നേരത്തെ യൂണിറ്റിന് 1.2 പൈസ ആയിരുന്നു. ഇതാണിപ്പോള്‍ യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിച്ചത്. ഇതിലൂടെ 24 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി അറിയിച്ചു.
അധിക വിഭവസമാഹരണ നടപടിയുടെ ഭാഗമായി കോടതി ഫീസുകളിലും പരിഷ്കരണം ഏർപ്പെടുത്തി. കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചു. കോടതി ഫീസ് വര്‍ധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി അറിയിച്ചു. ചെക്ക് കേസുകള്‍ക്കായുള്ള കോടതി ഫീസ് നിലവില്‍ പത്ത് രൂപയാണ്. ഇത് ചെക്കിലെ തുക അനുസരിച്ച് വര്‍ധിപ്പിച്ചു. ചെക്കില്‍ 10000 രൂപയാണെങ്കില്‍ ഇനിമുതല്‍ കോടതി ഫീസ് 250 രൂപയായിരിക്കും.
10000 മുതല്‍ മൂന്ന് ലക്ഷം വരെയുള്ള ചെക്കിലെ തുകയുടെ അഞ്ച് ശതമാനമായിരിക്കും ഫീസായി ഈടാക്കുക. ഇത്തരം കേസുകളില്‍ അപ്പീല്‍ പോകുന്നതിനുള്ള ഫീസും ഒഴിവാക്കിയിട്ടുണ്ട്. കുറ്റാരോപിതന്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമ്പോള്‍ 1000 രൂപയാണ് ഫീസ് നല്‍കേണ്ടിവരിക. പരാതിക്കാരന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയാണെങ്കില്‍ വിചാരണക്കോടതിയില്‍ നല്‍കിയ ഫീസിന്‍റെ പകുതി നല്‍കണം.
റിവിഷന്‍ പെറ്റീഷനാണ് ഹൈക്കോടതിയില്‍ നല്‍കുന്നതെങ്കില്‍ പരാതിക്കാരന്‍ പത്ത് ശതമാനം കോടതി ഫീസായി നല്‍കണം. കുടുംബകോടതികളില്‍ ഫയല്‍ ചെയ്യുന്ന വസ്തുസംബന്ധമായ കേസുകളുടെ കോടതി ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള കേസുകളില്‍ 200 രൂപയും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള കേസുകളില്‍ അവകാശപ്പെടുന്ന തുകയുടെ അരശതമാനവുമാണ് വര്‍ധിപ്പിച്ചത്. മോട്ടോർ വാഹന നിരക്കുകളും പരിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിൽ രജിസ്ട്രേഷൻ നടത്തേണ്ട ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾ നാഗാലാന്‍ഡ്, അരുണചാൽപ്രദേശ് എന്നിവിടങ്ങളിലാണ് രജിസ്റ്റർ ചെയ്യുന്നത്. അവിടങ്ങളില്‍ കുറഞ്ഞ നിരക്കിൽ രജിസ്ട്രേഷൻ ചെയ്‌ത് കേന്ദ്ര സർക്കാറിന്‍റെ പെർമിഷനോടെ കേരളത്തിൽ സർവീസ് നടത്തുന്നത്. ഇത് സംസ്ഥാനത്തിന് നികുതിയിലും, ഫിറ്റ്‌നസ് ടെസ്റ്റ് ഇനത്തിലും നഷ്‌ടം വരുമെന്നതിനാലാണ് വാഹനങ്ങളുടെ രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.