ഇന്ത്യയിൽ ഇലക്‌ട്രിക് ടൂവീലർ രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പായ ഐവൂമി അതിന്‍റെ പുതിയ മോഡലായ S1 ലൈറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കി. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിലാണ് ഐവൂമി S1 ലൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി ഓപ്‌ഷനുകളോടെയാണ് പുതിയ മോഡൽ വിപണിയിലെത്തിയിരിക്കുന്നത്. 75 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഗ്രാഫീൻ യൂണിറ്റും 85 കിലോമീറ്റർ വരെ നൽകുന്ന ലിഥിയം-അയൺ പാക്കുമുള്ള ബാറ്ററി ഓപ്‌ഷനുകളാണ് ഐവൂമി S1 ലൈറ്റ് നൽകുന്നത്.
ഗ്രാഫീൻ ബാറ്ററി 7-8 മണിക്കൂർ കൊണ്ടും ലിഥിയം-അയൺ ബാറ്ററി 4 മണിക്കൂറിനുള്ളിലും പൂർണമായി ചാർജ് ചെയ്യാൻ കഴിയും. ഇവയ്‌ക്ക് യഥാക്രമം 54,999 രൂപയും 64,999 രൂപയുമാണ് വില. 1,499 രൂപ മുതൽ EMI ഓപ്ഷനുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഗ്രാഫീൻ വേരിയന്‍റിന് 18 മാസം വരെ വാറൻ്റിയും ലിഥിയം-അയൺ വേരിയന്‍റിന് 3 വർഷത്തെ വാറൻ്റിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.
ഗ്രാഫീൻ വേരിയന്‍റ് 75 കിലോ മീറ്ററിന് മുകളിലും ലിഥിയം-അയൺ വേരിയന്‍റ് 85 കിലോ മീറ്ററിന് മുകളിലും ഓടുമെന്നാണ് ഐവൂമി പറയുന്നത്. രണ്ട് വേരിയന്‍റുകളിലും 1.2 കിലോ വാട്ടുള്ള മോട്ടോർ ആണ് ഉള്ളത്. ലോക്കൽ രജിസ്‌ട്രേഷനിൽ മഹാരാഷ്‌ട്ര, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ കമ്പനിയുടെ ഡീലർഷിപ്പ് ശൃംഖലകളിൽ മോഡൽ ലഭ്യമാകും.
മറ്റ് സവിശേഷതകൾ:
- 18 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്
- മൊബൈൽ ചാർജിങ്ങിനുള്ള യുഎസ്ബി പോർട്ട്
- എൽഇഡി ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ
- കളറുകൾ: പേൾ വൈറ്റ്, മൂൺ ഗ്രേ, സ്‌കാർലറ്റ് റെഡ്, മിഡ്‌നൈറ്റ് ബ്ലൂ, ചുവപ്പ്, പീകോക്ക് ബ്ലൂ