ന്യൂഡല്‍ഹി : ആദായ നികുതി റീഫണ്ടിനായി തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍. ആദായ നികുതി അടയ്ക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ മുന്നറിയിപ്പ്. ആദായനികുതി അടയ്ക്കാനുള്ള സമയ പരിധി ഈ മാസം 31 അവസാനിക്കും.
ഈ മാസം 26 വരെ അഞ്ച് കോടി രൂപയില്‍ കൂടുതല്‍ ആദായനികുതി ഇനത്തില്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം കൃത്യമായി ആദായ നികുതി നല്‍കി അര്‍ഹമായ റീഫണ്ടുകള്‍ കൃത്യമായി കൈപ്പറ്റാനും അധികൃതര്‍ നികുതി ദായകരെ ഓര്‍മിപ്പിക്കുന്നു.
റീഫണ്ടുകള്‍ക്കുള്ള അപേക്ഷകള്‍ സൂക്ഷ്‌മ പരിശോധന നടത്തേണ്ടതുണ്ട്. ഇതിന് സമയമെടുക്കും. കൃത്യസമയത്ത് നികുതി നല്‍കിയാല്‍ തിരിച്ച് കിട്ടലുകളും കൃത്യമായി നടക്കും. അടച്ച നികുതിപ്പണം തിരികെ കിട്ടാനായി നല്‍കുന്ന അപേക്ഷയില്‍ എന്തെങ്കിലും പാകപ്പിഴകള്‍ കണ്ടാല്‍ വീണ്ടും ആദ്യം മുതല്‍ നടപടികള്‍ വേണ്ടി വരും.
അവകാശവാദങ്ങള്‍ കൃത്യവും ശരിയും ആയിരിക്കണം. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. റീഫണ്ടുകള്‍ക്കായി കണക്കുകള്‍ പെരുപ്പിച്ച് കാണിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യക്ഷ നികുതി സംവിധാനം കൂടുതല്‍ കാര്യക്ഷമവും ലളിതവുമാക്കാനായി ആവിഷ്ക്കരിച്ച പുതു സംവിധാനത്തിലൂടെയാണ് ഇക്കുറി 66 ശതമാനം പേരും നികുതി അടച്ചതെന്ന് സിബിഡിടി ചെയര്‍മാന്‍ രവി അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു.
റീഫണ്ടുകള്‍ വൈകുകയാണെങ്കില്‍ നികുതി ദായകര്‍ അവരുടെ ഇ ഫയലിങ് അക്കൗണ്ടുകള്‍ പരിശോധിച്ച് എന്തെങ്കിലും സന്ദേശങ്ങള്‍ വന്നിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണം. സന്ദേശങ്ങളുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കണം.
അറുപത് ദിവസം വരെ മാത്രമേ റീഫണ്ടുകള്‍ വൈകാവൂ എന്ന് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇത് മുപ്പത് ദിവസത്തിനകം കൊടുക്കണമെന്നാണ് വ്യവസ്ഥ. നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തന്നെ റീഫണ്ട് നല്‍കാനാകുമെന്നും അതിന് ചിലപ്പോള്‍ മുപ്പത് ദിവസം പോലും വേണ്ടി വരാറില്ലെന്നും രവി അഗര്‍വാള്‍ വ്യക്തമാക്കി.