വാഷിംഗ്‌ടൺ : ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ പുകഴ്‌ത്തി നിക്ഷേപകനും ബെർക്‌ഷെയർ ഹാത്‌വേ ചെയർമാനും സിഇഒയുമായ വാറൻ ബഫറ്റ്. ഇന്ത്യയിൽ നിരവധി അവസരങ്ങളും മേഖലകളും കണ്ടെത്തപ്പെടാതെയും ശ്രദ്ധിക്കപ്പെടാതെയും കിടപ്പുണ്ടെന്ന് വാറന്‍ ബഫറ്റ് പറഞ്ഞു. കമ്പനിയുടെ വാർഷിക മീറ്റിങ്ങിൽ സംസാരിക്കവേയാണ് ബഫറ്റിന്‍റെ പരാമര്‍ശം.
'ഇന്ത്യ പോലൊരു സ്ഥലത്ത് ധാരാളം അവസരങ്ങൾ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ആ ബിസിനസ് സാധ്യതകളില്‍ ഞങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടോ എന്നതാണ് ചോദ്യം'- കമ്പനി ഇന്ത്യയിൽ സാധ്യതകള്‍ തിരയുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ബഫറ്റ് പറഞ്ഞു.
ഇന്ത്യയിൽ അവസരങ്ങൾ തേടുന്നതിന് കൂടുതൽ സമയമെടുക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ബെർക്ക്‌ഷയറിന്‍റെ പുതിയ മാനേജ്‌മെന്‍റ് ഇന്ത്യയിലെ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023-24 സാമ്പത്തിക വർഷത്തിലെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 8.4 ശതമാനമായി വളർന്നിരുന്നു, രാജ്യം അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുന്നതാണ് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാരണമാകുന്നത് എന്നാണ് വിലയിരുത്തല്‍.