ന്യൂഡല്‍ഹി: 2017-18 കാലഘട്ടത്തില്‍ യുഎസ് -ചൈന വ്യാപാരബന്ധത്തിലുണ്ടായ സംഘര്‍ഷങ്ങള്‍ മൂലം ചൈനയില്‍ നിന്ന് പുറത്തേക്ക് പോകുന്ന വിദേശമൂലധനത്തിന്‍റെയും ഉത്പാദന കമ്പനികളുടെയും വലിയൊരു ഭാഗവും ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. അതേസമയം മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ പ്രത്യേകിച്ച് വിയറ്റ്നാം ആണ് ഇതിന്‍റെ നേട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാക്കിയതെന്നും ഒരു പഠനം വ്യക്തമാക്കുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റ് പദവിയിലിരുന്ന കാലത്താണ് അമേരിക്കന്‍-ചൈന വാണിജ്യ ബന്ധത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടായത്. തത്ഫലമായി ചൈനയ്ക്ക് പല വിദേശകമ്പനികളും നഷ്‌ടമാകുന്ന സാഹചര്യം ഉടലെടുത്തു.
2017നും 2023നുമിടയില്‍ ഇന്ത്യയുടെ മൊത്തം അമേരിക്കന്‍ ഇറക്കുമതിയില്‍ 06ശതമാനം വര്‍ദ്ധനയുണ്ടായെന്നും ആഗോള സാമ്പത്തിക പഠന രംഗത്തെ പ്രമുഖരായ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്‍റെ പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് അമേരിക്കയുടെ മൊത്തം ഇറക്കുമതിയുടെ 2.7ശതമാനം വരും. ഇതേ കാലയളവില്‍ ചൈനയുടെ അമേരിക്കന്‍ ഇറക്കുമതിയില്‍ എട്ട് ശതമാനത്തോളം ഇടിവുണ്ടായി. ഹോങ്‌കോങ് ഒഴിവാക്കിയുള്ള കണക്കാണിത്. തത്ഫലമായി അമേരിക്കയുടെ ആഗോള ഇറക്കുമതിയില്‍ ചൈനയുടെ പങ്കാളിത്തം 22ശതമാനത്തില്‍ നിന്ന് പതിനാലില്‍ താഴേയ്ക്ക് പതിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ ഫലമായി പല പാശ്ചാത്യ കമ്പനികളും തങ്ങളുടെ വിതരണ ശൃംഖല ചൈനയില്‍ നിന്ന് മാറ്റാന്‍ നിര്‍ബന്ധിതമായി. ഭൗമ രാഷ്‌ട്രീയ ശത്രുതകളും ഇതിന് ആക്കം കൂട്ടി. ദക്ഷിണ ചൈനാക്കടലില്‍ അമേരിക്കയും ചൈനയും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്‍റെ ഫലമായി ഫിലിപ്പൈന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ ചൈനയോട് കടുത്ത ശത്രുതയിലായി.
ചൈനയില്‍ നിന്ന് പിന്‍വാങ്ങുന്ന വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ഇന്ത്യ പല മാര്‍ഗങ്ങളും തേടി. എന്നാല്‍ ഇത് തക്ക ഫലമുണ്ടാക്കിയില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍ നല്‍കുന്ന സൂചന.
ഇന്ത്യ, വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിേലക്കാണ് ചൈനയില്‍ നിന്ന് പിന്‍വാങ്ങിയ പാശ്ചാത്യ കമ്പനികളില്‍ ഏറെയും എത്തിയത്. എന്നാല്‍ അമേരിക്ക-ചൈന വാണിജ്യ തര്‍ക്കത്തില്‍ യഥാര്‍ത്ഥത്തില്‍ നേട്ടമുണ്ടാക്കിയത് വിയറ്റ്നാമാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുന്ന സൂചന.
ഈ കാലയളവില്‍ വിയറ്റ്നാമിന്‍റെ മൊത്തം അമേരിക്കന്‍ ഇറക്കുമതി 1.7ശതമാനം ഉയര്‍ന്ന് 3.7ശതമാനത്തിലെത്തി. അതായത് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ ഒരുശതമാനം കൂടുതല്‍.
സമാനമായി തായ്‌വാനും ദക്ഷിണ കൊറിയയും തങ്ങളുടെ ഇറക്കുമതി പങ്കാളിത്തം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തായ്‌വാന്‍റെ പങ്കാളിത്തത്തില്‍ ഒരു ശതമാനം വര്‍ദ്ധനയാണ് രേകപ്പെടുത്തിയത്. ദക്ഷിണ കൊറിയയുടേതാകട്ടെ 0.7ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തിയെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് പഠനം വ്യക്തമാക്കുന്നു.
അമേരിക്ക-ചൈന വ്യാപാര യുദ്ധത്തില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ പരിമിതമായ മെച്ചപ്പെടല്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിലെ സാമ്പത്തിക ശാസ്‌ത്രജ്ഞനായ അലക്‌സാണ്ട്ര ഹെര്‍മാന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ചൈന സംഘര്‍ഷം രാജ്യത്തിന്‍റെ ഉത്പാദന മേഖലയ്ക്ക് കരുത്ത് പകരുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കുന്നുവെന്നാണ് ഈ പഠനം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ കയറ്റുമതി കരുത്ത് പഴയ സമ്പദ്ഘടനയിലെ മേഖലകളില്‍ തന്നെയാണ് ഇപ്പോഴും. വളര്‍ച്ചാ ശക്തി പരിമിവും മത്സരം കടുത്തതുമെന്നും ഇവര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക-ചൈന വാണിജ്യ സംഘര്‍ഷങ്ങള്‍ അനുകൂലമാക്കാനുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായില്ലെന്നര്‍ത്ഥം.
ഇന്ത്യയുടെ ഉത്പാദന മേഖലയ്ക്ക് കരുത്ത് പകരാനായി മോദി ആദ്യ ഭരണകാലത്ത് തന്നെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. അടുത്തിടെയാണ് പദ്ധതിയുടെ പത്താം വാര്‍ഷികം ആഘോഷിച്ചത്. സര്‍ക്കാരിന്‍റെ ഊര്‍ജ്ജിത പരിപാടികള്‍ക്കപ്പുറവും രാജ്യത്തെ ഉത്പാദന മേഖല പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന അതേ നിലയില്‍ തന്നെ തുടരുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 16-17ശതമാനമാണ് ഇത്. പത്ത് വര്‍ഷം മുമ്പും സ്ഥിതി ഇത് തന്നെ ആയിരുന്നു.
Also Read: അമേരിക്കയ്‌ക്കോ ചൈനയ്‌ക്കോ ഇന്ന് ഇന്ത്യയെ അവഗണിക്കാനാകില്ലെന്ന് നിര്‍മ്മല സീതാരാമന്‍