ചെറിയ ഇടവേളയ്‌ക്ക് ശേഷം സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 58,000 കടന്ന സ്വര്‍ണ വിലയിലാണ് ഇന്ന് ഇടിവ് സംഭവിച്ചത്. ഒറ്റയടിക്ക് പവന് 800 രൂപ കുറഞ്ഞ് വില 57,600 രൂപ ആയി. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7200 രൂപയായി. രണ്ടാഴ്‌ചക്കിടെ സ്വര്‍ണ വിലയില്‍ 3500 രൂപയുടെ ഇടിവ് വന്നിരുന്നു. എന്നാല്‍ പിന്നാലെ വില തിരിച്ച് കയറി.
നവംബര്‍ തുടക്കത്തില്‍ 59,0880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. 60,000ത്തോട് വളരെ അടുത്തു നിന്ന ഘട്ടത്തില്‍ വില വീണ്ടും ഉയര്‍ന്നേക്കുമെന്ന് ബിസിനസ് അനലിസ്റ്റുകള്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍ സ്വര്‍ണ വില 60,000ലെത്താതെ ഇടിയുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നവംബര്‍ 14ന് ഈ മാസത്തെ ഏറ്റവും താഴ്‌ന്ന വിലയാണ് രേഖപ്പെടുത്തിയത്. 55,480 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ഡിമാന്‍ഡ് ഉള്ള വസ്‌തുവാണ് സ്വര്‍ണം. ആഭരണങ്ങള്‍ക്ക് പുറമെ മികച്ചൊരു നിക്ഷേപമായും സ്വര്‍ണത്തെ കാണക്കാക്കാം.
ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന്‍റെ ആവശ്യം എപ്പോഴും ഉയരത്തില്‍ തന്നെയാണ്. എന്നാല്‍ വിപണിയിലെ വില പലപ്പോഴും ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ആയിരിക്കില്ല. പല ഘടകങ്ങളാണ് ഇന്ത്യയിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. അവയില്‍ ചിലത് നോക്കാം...
പണപ്പെരുപ്പം: സ്വര്‍ണ വില ഉയരാന്‍ കാരണമാകുന്ന ഒരു പ്രധാന കാരണമാണ് പണപ്പെരുപ്പം. പണപ്പെരുപ്പം മൂലം ആഭ്യന്തര കറന്‍സിയുടെ മൂല്യം കുറയുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു. ഇങ്ങനെ വരുമ്പോള്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് കൂടുകയും സ്വാഭാവികമായി വില ഉയരുകയും ചെയ്യുന്നു.
പലിശ നിരക്കുകള്‍ : ബാങ്ക് നിക്ഷേപങ്ങളുടെയും മറ്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്‌ട്രുമെന്‍റുകളുടെയും പലിശ നിരക്കാണ് മറ്റൊരു ഘടകം. പലിശ നിരക്കും സ്വര്‍ണ വിലയും പരസ്‌പരം വിപരീത അനുപാതത്തിലാണ് ഉള്ളത്. പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍ ആളുകള്‍ ആവശ്യങ്ങള്‍ക്കായി അവരുടെ സ്വര്‍ണം വില്‍ക്കുന്നു. പലിശ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ പണ ലഭ്യത മെച്ചപ്പെടുകയും സ്വര്‍ണം വാങ്ങാനുള്ള ശേഷി വര്‍ധിക്കുകയും ചെയ്യും.
ജ്വല്ലറി ഡിമാന്‍ഡ് : ഇന്ത്യയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറെയായതിനാല്‍ രാജ്യത്തെ ജ്വല്ലറി വിപണി വളരെ വൈവിധ്യമാണ്. അക്ഷയ തൃതീയ പോലുള്ള ആഘോഷ വേളകളിലും വിവാഹം പോലുള്ളവയ്‌ക്കും സ്വര്‍ണം വാങ്ങുന്ന അലിഖിതം പാരമ്പര്യം പോലും ഇന്ത്യക്കാര്‍ക്കുണ്ട്. ഇത്തരത്തില്‍ ഡിമാന്‍ഡ് വര്‍ധിക്കുമ്പോള്‍ വിലയും വര്‍ധിക്കും. ഒപ്പം രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയും വര്‍ധിക്കും.
സെന്‍ട്രല്‍ ബാങ്ക് തീരുമാനങ്ങള്‍ : കറന്‍സി കൂടാതെ സെന്‍ട്രല്‍ ബാങ്കില്‍ വന്‍തോതിലുള്ള സ്വര്‍ണ ശേഖരവും ഉണ്ട്. സമ്പദ്‌വ്യവസ്ഥ ഉയരുമ്പോള്‍ റിസര്‍വ് ബാങ്ക് ഈ സ്വര്‍ണ ശേഖരം വില്‍ക്കണം. സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണം സൂക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ വില സ്വാഭാവികമായി ഉയരും. കാരണം ഈ സാഹചര്യത്തില്‍ പണ ലഭ്യത വര്‍ധിക്കുകയും സ്വര്‍ണത്തിന്‍റെ ലഭ്യത കുറയുകയും ചെയ്യും.
സാമൂഹിക-രാഷ്‌ട്രീയ സാഹചര്യം : ആഗോള തലത്തിലേത് പോലെ തന്നെ ഇന്ത്യയിലെ സ്വര്‍ണ വിലയെ സ്വാധീനിക്കാന്‍ സാമൂഹിക-രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്ക് കഴിയും. രാജ്യത്തെ സാമൂഹിക-രാഷ്‌ട്രീയ സാഹചര്യം മൂലം മറ്റ് ഡെറിവേറ്റീവുകളില്‍ നിക്ഷേപിക്കുന്നത് ചിലപ്പോള്‍ സുരക്ഷിതമായിരിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ സ്വര്‍ണം തെരഞ്ഞെടുക്കുന്നു. ഇങ്ങനെ വരുമ്പോള്‍ ഡിമാന്‍ഡ് കൂടുകയും വില വര്‍ധിക്കുകയും ചെയ്യും.
Also Read: അദാനിക്ക് കുരുക്ക് മുറുകുന്നു; അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി