എറണാകുളം : ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇറച്ചികളിൽ ഒന്നാണ് പന്നിയിറച്ചി. പന്നിവളർത്തൽ ലാഭകരമായ ബിസിനസുമാണ്. പന്നിക്കുഞ്ഞുങ്ങൾക്ക് വിപണിയിൽ 4000 രൂപ മുതലാണ് മൂല്യം. ഒറ്റ പ്രസവത്തിലൂടെ പത്തു മുതൽ 14 കുട്ടികൾ വരെ ലഭിക്കുമെന്നത് ആകർഷകരമായ വസ്‌തുതയാണ്. ബിസിനസ് ആരംഭിച്ച ആറാം മാസം മുതൽ വരുമാനം എന്നുള്ളതാണ് പന്നി കൃഷിയുടെ പ്രത്യേകത. മാത്രമല്ല പന്നിയിറച്ചിക്ക് 90 മുതൽ 120 രൂപ വരെ വിലയും ലഭിക്കും.
ലോകത്തിലെ ഏറ്റവും ഡിമാൻഡ് ഉള്ള ഇറച്ചി പോർക്ക് ആണെങ്കിലും പന്നിവളർത്തൽ അത്ര എളുപ്പമുള്ള ബിസിനസ് അല്ല. ബിസിനസ് ആരംഭിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. അതിൽ പ്രധാനപ്പെട്ടതാണ് മാലിന്യനിർമാർജനം. മതപരമായ പ്രശ്‌നങ്ങൾ കൊണ്ടും കൃത്യമായ മാലിന്യ നിർമാർജനം നടക്കാത്തത് കൊണ്ടും പന്നി വളർത്തൽ ആരംഭിക്കുമ്പോൾ സമീപവാസികളായ ജനങ്ങളിൽ നിന്നുള്ള പ്രതിഷേധം സ്വാഭാവികമാണ്.
ഹോട്ടൽ വേസ്‌റ്റ് ആണ് പന്നികളുടെ പ്രധാന ഭക്ഷണം. ഈ തീറ്റയാണ് ഫാമുകളിൽ ദുർഗന്ധം വമിക്കാൻ പ്രധാന കാരണം. മാലിന്യം കൃത്യമായി നിർമാർജനം ചെയ്യാൻ സാധിക്കുന്ന സൗകര്യം ഉണ്ടെങ്കിൽ മുക്കാൽ ഭാഗം പ്രശ്‌നവും ഒഴിയും. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് ഫാം ആരംഭിച്ചാൽ അത്രയും നല്ലത്.
ഫാം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ക്രോസ് ബ്രീഡിങ് സംഭവിക്കാതിരിക്കുക എന്നുള്ളതാണ്. രക്തബന്ധമുള്ള പന്നികളെ പരസ്‌പരം ക്രോസ് ചെയ്യാതിരുന്നാൽ ആരോഗ്യമുള്ള പന്നിക്കുഞ്ഞുങ്ങൾ ലഭ്യമാകും. ക്രോസ് ബ്രീഡിങ്ങിലൂടെ ഉണ്ടാകുന്ന കുട്ടികൾക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാവുകയും പെട്ടെന്ന് ചത്തു പോകാനുള്ള സാധ്യത, പ്രതിരോധ ശേഷിയുടെ കുറവ്, കൃത്യമായ തൂക്കം ലഭിക്കാതിരിക്കുക, തുടർ ബ്രീഡിങ് സംഭവിക്കാതെ വന്ധ്യത ബാധിക്കപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടേണ്ടതായി വരും.
പന്നിവളർത്തലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : ശുദ്ധജലത്തിന്‍റെ ലഭ്യതയാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട വസ്‌തുത. പന്നികൾക്കായി ഫാം ഒരുക്കുമ്പോൾ തറ സിമന്‍റ് കൊണ്ടോ ടൈയിൽ കൊണ്ടോ ഉറപ്പായും പണിഞ്ഞിരിക്കണം. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് ഫാം ആരംഭിച്ചാൽ അത്രയും നല്ലത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള ചില നിബന്ധനകളും ഫാം ആരംഭിക്കുന്നതിന് പാലിക്കപ്പെടേണ്ടതായുണ്ട്.
പന്നിവളർത്തലിനെ കുറിച്ച് ക്ലാസ് നൽകി മൃഗസംരക്ഷണ വകുപ്പ് : ബിസിനസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പന്നി വളർത്തലിനെ കുറച്ച് ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലത്തിൽ പ്രധാനമായും വെറ്ററിനറി കേന്ദ്രങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിക്കുക. ക്ലാസ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തന്നെ സർട്ടിഫിക്കേഷൻ നൽകും.
ഇത്തരം സർട്ടിഫിക്കറ്റുകൾ പന്നിവളർത്തൽ പോലുള്ള സംരംഭങ്ങൾ ആരംഭിക്കാൻ കർഷകൻ സജ്ജനാണ് എന്നതിനുള്ള ഘടകം മാത്രമാണ്. മൃഗ സംരക്ഷണ വകുപ്പ് തന്നെ പന്നികൾക്കുള്ള ചികിത്സ മാർഗനിർദേശങ്ങളും നൽകുന്നതായിരിക്കും. പകർച്ചപ്പനി തടയുക, പന്നിക്കുഞ്ഞുങ്ങൾ അയണിന്‍റെ ദൗർലഭ്യം മൂലം ചത്തു പോകാതിരിക്കാൻ ഉള്ള പ്രതിരോധ കുത്തിവയ്‌പ്പുകൾ തുടങ്ങി എല്ലാത്തരം മാർഗനിർദേശങ്ങൾ നൽകാനും വകുപ്പ് സജ്ജമാണ്.
പ്രധാനമായും മണ്ണുത്തി വെറ്ററിനറി കോളജ്, വയനാട്ടിലെ പൂക്കോട് ഫാം, കോട്ടയം കാപ്പാട് ഫാം, മാട്ടുപ്പെട്ടി കെഎൽഡി ഫാം തുടങ്ങി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെയും വെറ്ററിനറി ഡിപ്പാർട്ട്മെന്‍റിന്‍റെയും കീഴിലുള്ള ഫാമുകളിൽ നിന്ന് ജനങ്ങൾക്ക് പന്നിക്കുഞ്ഞുങ്ങളെ വാങ്ങാവുന്നതാണ്. ഇതിനു പുറമേ മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള പന്നിഫാമുകൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്.
Also Read: അടിമാലിയില്‍ വെട്ടുകിളി ശല്യം രൂക്ഷം: ആശങ്ക പേറി കര്‍ഷകര്‍