ന്യൂഡല്‍ഹി:ഡല്‍ഹി മെട്രോ കഴിഞ്ഞ ദിവസം യാത്രക്കാരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി. ചൊവ്വാഴ്‌ച(ഫെബ്രുവരി13)ന് ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തത് 71.09 ലക്ഷം പേരാണ്(Delhi metro).
ദേശീയതലസ്ഥാനത്ത് കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കനത്തസുരക്ഷ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ട വേളയിലാണ് മെട്രോ യാത്രികരുടെ എണ്ണത്തില്‍ കുതിപ്പ് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്( a record achieved).
നേരത്തെ സെപ്റ്റംബറിലാണ് ഡല്‍ഹി മെട്രോയില്‍ യാത്രികരുടെ എണ്ണം റെക്കോര്‍ഡിട്ടത്. അന്ന് 71.03 ലക്ഷം പേരാണ് മെട്രോയില്‍ യാത്ര ചെയ്തതെന്ന് മെട്രോ ട്വിറ്ററില്‍ പങ്കുവച്ച രേഖകള്‍ വ്യക്തമാക്കുന്നു. 2023 ഓഗസ്റ്റ് 29ന് രക്ഷാബന്ധന്‍ ദിനത്തിലാണ് അതിന് മുമ്പ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ മെട്രോ കയറിയത്. അന്ന് 69.94 ലക്ഷം പേര്‍ മെട്രോ ഉപയോഗിച്ചു.
ചൊവ്വാഴ്‌ച ഡല്‍ഹി മെട്രോ യാത്രികരുടെ പ്രവേശനവും ഇറങ്ങലും ഒന്‍പത് ഇടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തി. ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ചിലകവാടങ്ങള്‍ മണിക്കൂറുകളോളം അടച്ചിട്ടു. മറ്റ് ചില കവാടങ്ങളിലൂടെ യാത്രക്കാരെ പ്രവേശിപ്പിക്കുകയും തിരിച്ചിറക്കുകയും ചെയ്തു.
ഫെബ്രുവരി 12ന് യാത്ര ചെയ്തവരുടെ എണ്ണം 70.87 ലക്ഷം ആയിരുന്നു. പതിമൂന്നിന് ഇത് 71.09 ലക്ഷത്തിലേക്ക് എത്തിയെന്നും അധികൃതര്‍ അറിയിച്ചു.
സാധാരണ ദിവസങ്ങളില്‍ 65 ലക്ഷം പേര്‍ ഡല്‍ഹി മെട്രോ ഉപയോഗിക്കുന്നുണ്ട്. 392 കിലോമീറ്ററാണ് ഡല്‍ഹി മെട്രോയുടെ ദൈര്‍ഘ്യം. 286 സ്റ്റേഷനുകളാണ് ഉള്ളത്. നോയ്‌ഡ- ഗ്രേറ്റര്‍ നോയ്‌ഡ മെട്രോ ഇടനാഴിയും റാപ്പിഡ് മെട്രോയും ഗുരുഗ്രാമും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഡല്‍ഹി മെട്രോ വിജയത്തിന്‍റെ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു എന്ന പോസ്റ്ററിനൊപ്പമാണ് പുതിയ നേട്ടം പങ്കുവച്ചിരിക്കുന്നത്. ദേശീയ തലസ്ഥാനമേഖലയുടെ ഗതാഗതത്തിന്‍റെ നട്ടെല്ലായി ഡിഎംആര്‍സിയെ ജനങ്ങള്‍ മാറ്റിയെന്നും പോസ്റ്റില്‍ പറയുന്നു. ഇതിന് ഡിഎംആര്‍സി നന്ദിയും അറിയിക്കുന്നുണ്ട്. മെട്രോ പരിസ്ഥിതി സൗഹൃദ യാത്ര ഉറപ്പാക്കുന്നത് കൊണ്ട് പലരും സ്വന്തം സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് മെട്രോയെ ആശ്രയിക്കുന്നുവെന്നും ഡിഎംആര്‍സി ചൂണ്ടിക്കാട്ടി. വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം രാജ്യതലസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. ഇത് ഡല്‍ഹിയിലെ അന്തരീക്ഷത്തിന്‍റെ ഗുണനിലവാരത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വിവിധ മെട്രോ ഇടനാഴികളിലെ യാത്രികരുടെ കണക്കും ഡിഎംആര്‍സി പുറത്ത് വിട്ടിട്ടുണ്ട്. റെഡ് ലൈനില്‍ 7,57,629 , യെല്ലോ ലൈനില്‍ 19,34,568, ഗ്രീന്‍ ലൈനില്‍ 3.35350. റാപ്പിഡ് മെട്രോയില്‍ 51,910എന്നിങ്ങനെയാണ് കണക്കുകള്‍.
Also Read:ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷന്‍റെ മതിൽ തകര്‍ന്നു ; ഒരാള്‍ക്ക് ദാരുണാന്ത്യം