ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡാറ്റ സെന്‍റര്‍ നിര്‍മിക്കാനായി 4 ബില്യൺ ഡോളർ (ഏകദേശം 11,520 കോടി രൂപ) സമാഹരിക്കാനൊരുങ്ങി അദാനി കണക്‌സ്. അദാനി എന്‍റർപ്രൈസസിന്‍റെയും ആഗോള ഡേറ്റ സെന്‍റർ സേവന കമ്പനിയായ എഡ്‌ജ് കണക്‌സിന്‍റെയും ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമാണ് അദാനി കണക്‌സ്.
എട്ട് അന്താരാഷ്‌ട്ര വായ്‌പ ദാതാക്കളുമായാണ് അദാനി കണക്‌സ് അന്തിമ കരാറുകൾ തയാറാക്കിയത്. ING Bank NV, Intesa Sanpaolo, KfW IPEX, MUFG Bank Ltd, Natixis, Standard Chartered Bank, Societe Generale, Sumitomo Mitsui banking Coporation എന്നീ ബാങ്കുകളുമായാണ് കരാര്‍. കരാര്‍ നടപ്പിലാകുന്നതോടെ സുസ്ഥിരത വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ പണമിടപാടാകും ഇത്.
ഗൗതം അദാനിയുടെ അദാനി എന്‍റർപ്രൈസസ് ലിമിറ്റഡ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ ഡാറ്റാ സെന്‍റർ ബിസിനസിൽ 1.5 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. ഡിജിറ്റൽ സേവനങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങൾ നല്‍കുന്നതിനായി 2030-ഓടെ മൊത്തം 1 ജിഗാവാട്ട് ശേഷിയുള്ള ഒമ്പത് ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കാനാണ് അദാനി കണക്‌സ് ആസൂത്രണം ചെയ്യുന്നത്.
ചെന്നൈയിലാണ് നിലവില്‍ കമ്പനിക്ക് ഡാറ്റാ സെന്‍ററുള്ളത്. നോയിഡയിലെയും ഹൈദരാബാദിലെയും സെന്‍ററിന്‍റെ നിർമ്മാണം മൂന്നിൽ രണ്ട് ഭാഗവും പൂർത്തിയായി.