പട്‌ന: സോഷ്യല്‍ മീഡിയയിലൂടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റില്‍. പട്‌ന സ്വദേശിയായ 25 കാരനാണ് അറസ്റ്റിലായത്. ചൊവ്വാഴ്‌ചയാണ് (മാര്‍ച്ച് 12) ഇയാള്‍ അറസ്റ്റിലായത്.
സോഷ്യല്‍ മീഡിയയില്‍ പ്രശസ്‌തനാകാന്‍ വേണ്ടിയാണ് പ്രതി വധഭീഷണി മുഴക്കിയതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു. 'താന്‍ മുഖ്യമന്ത്രിയെ വെടിവച്ച് കൊലപ്പെടുത്തും. പൊതു ജനങ്ങള്‍ക്ക് മുമ്പില്‍ വച്ച് പിസ്റ്റള്‍ കൊണ്ട് വെടിയുതിര്‍ക്കുമെന്നുമായിരുന്നു' സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ യുവാവ് പറഞ്ഞത്.
ബര്‍ഹിലുള്ള വീട്ടില്‍ വച്ചാണ് പ്രതി അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കൃഷ്‌ണ മുരാരി പ്രസാദ് പറഞ്ഞു. ഫെബ്രുവരി 14നാണ് മുഖ്യമന്ത്രിയെ വെടിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ചുള്ള പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചത്. പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് ബര്‍ഹിലുള്ള വീട്ടില്‍ നിന്നും ഇയാളെ കണ്ടെത്തിയത്. കേസിലെ കൂട്ടുപ്രതികളായ രണ്ട് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ താന്‍ മുംബൈയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ്. താന്‍ വെറുതെ പറഞ്ഞതാണ്. അത്തരത്തിലൊന്നും തനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ പ്രതി മുഖ്യമന്ത്രിയോട് മാപ്പ് ചോദിക്കുകയും ചെയ്‌തു.