ലഖ്‌നൗ (ഉത്തർപ്രദേശ്) : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പരാമർശത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്നാം തവണ പ്രധാനമന്ത്രിയായാലും 75 വയസാകുമ്പോൾ നരേന്ദ്ര മോദി വിരമിക്കുമെന്ന് കഴിഞ്ഞദിവസം കെജ്‌രിവാള്‍ പ്രതികരിച്ചിരുന്നു.
ഇനി അമിത് ഷായ്ക്ക് വേണ്ടിയുള്ള നീക്കമാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാകുമെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്. ഇതിന് എക്‌സ് പോസ്റ്റിലൂടെയാണ് യുപി മുഖ്യമന്ത്രിയുടെ മറുപടി.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍കൂട്ടി അറിഞ്ഞ് നിരാശരായ പ്രതിപക്ഷം നടത്തുന്ന വൃഥാശ്രമങ്ങളുടെ ഭാഗമാണിതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് നിന്ന് തെക്കോട്ടും ലഭിക്കുന്ന വൻ ജനപിന്തുണയ്ക്ക് മുന്നിൽ പ്രതിപക്ഷത്തിൻ്റെ മുഴുവൻ പ്രചാരണവും പരാജയപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയം സുനിശ്ചിതമാണെന്ന് അറിഞ്ഞുകൊണ്ട്, നിരാശരായ പ്രതിപക്ഷം മോദിജിയുടെ പ്രായത്തിൻ്റെ ഒഴിവുകഴിവ് ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടാനുള്ള വൃഥാശ്രമം നടത്തുകയാണ്.
മോദിജിയുടെ ഓരോ നിമിഷവും ഭാരതമാതാവിനെ പരമമായ മഹത്വത്തിലേക്ക് കൊണ്ടുപോകാൻ സമർപ്പിക്കപ്പെട്ടതാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് അറിയാം. മോദിജിയുടെ വിജയകരമായ നേതൃത്വത്തിന് കീഴിൽ, 'വിക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത്, ഏക് ഭാരത്-ശ്രേഷ്ഠ ഭാരത്' എന്നീ ആശയങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു.
തീർച്ചയായും, മോദി ജിയുടെ മൂന്നാം ടേമിൽ ഇന്ത്യ പുതിയ ഉയരങ്ങൾ തൊടും. ആഗോള മഹാശക്തി 140 കോടി ഇന്ത്യക്കാരുടെ അംഗീകൃത നേതാവാണ് മോദി ജി. മോദിജിയുടെ കുടുംബാംഗങ്ങളാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നുമാണ് യോഗി ആദിത്യനാഥ് എഴുതിയത്.