ഹൈദരാബാദ് : ഇന്ന് ലോക സീനിയർ സിറ്റിസൺ ഡേ. നമ്മുടെ സമൂഹത്തിലെ മുതിർന്ന പൗരന്മാരെ ബഹുമാനിക്കാനും അവരോട് ആദരവ് കാണിക്കാനും അവരുടെ നേട്ടങ്ങളില്‍ അഭിനന്ദിക്കുന്നതിനുമായാണ് എല്ലാവർഷവും ഓഗസ്റ്റ് 21ന് ലോക സീനിയർ സിറ്റിസൺ ദിനമായി ആചരിക്കുന്നത്. മുതിർന്ന പൗരന്മാരെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നതിനും കൂടിയാണ് ഈ ദിനം.
- ഈ ദിനത്തിന്‍റെ ചരിത്രം
ലോക സീനിയർ സിറ്റിസൺ ഡേ അമേരിക്കൻ ഐക്യനാടുകളുടെ മുൻ പ്രസിഡന്‍റ് റൊണാൾഡ് റീഗന്‍റെ ശ്രമങ്ങളിൽ നിന്നുണ്ടായതാണ്. 1988ൽ പ്രസിഡൻ്റ് റീഗൻ ഓഗസ്റ്റ് 21 അമേരിക്കയിൽ ദേശീയ മുതിർന്ന പൗരന്മാരുടെ ദിനമായി പ്രഖ്യാപിച്ചു. മുതിർന്ന പൗരന്മാരെ അവരുടെ നേട്ടങ്ങൾക്കും സംഭാവനകൾക്കും ആദരിക്കുന്നതിനും അവരുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്ന പരിപാടികളുടെയും നയങ്ങളുടെയും പ്രാധാന്യം എടുത്തുകാണിക്കുന്നതിനാണ് ഈ ദിനം ഉദ്ദേശിച്ചത്.
- ലോകമെമ്പാടുമുള്ള മുതിർന്ന പൗരന്മാർ
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് 2030 ആകുമ്പോഴേക്കും ലോകത്തിലെ 6 പേരിൽ ഒരാൾ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായിരിക്കും.
- നമ്മുടെ സമൂഹത്തിലെ പ്രായമായവർക്കുള്ള ഏറ്റവും വലിയ വെല്ലുവിളികളും പ്രശ്‌നങ്ങളും
മുതിർന്ന പൗരന്മാർക്ക് ജോലിസ്ഥലത്തോ, അല്ലെങ്കിൽ പൊതു ഇടങ്ങളിലോ, അവരുടെ സഹപ്രവർത്തകരിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ അവഗണന അനുഭവപ്പെടാം. പ്രായത്തെ അടിസ്ഥാനമാക്കി മറ്റുള്ളവർ ഇവരെ ഒറ്റപ്പെടുത്തുകയും അവരോട് വിവേചനം കാണിക്കുകയും ചെയ്യുന്നു. പ്രായത്തിന്‍റെ പേരിൽ ആരെയും വിലയിരുത്താനോ, അവരോട് മോശമായി പെരുമാറാനോ പാടില്ല എന്ന കാര്യം ഇന്നത്തെ കാലത്ത് പലരും മറക്കുന്നു. പ്രായപരിധി മുതിർന്നവരെ മാത്രമല്ല ബാധിക്കുന്നത് എങ്കിലും പല മുതിർന്നവരും ചെറുപ്പക്കാരേക്കാൾ പ്രായത്തിന്‍റെ പേരിൽ അവഗണന അനുഭവിക്കുന്നു.
- സാമ്പത്തികപരമായ അവസ്ഥ
വികസനത്തിന്‍റെ കാര്യത്തിൽ നമ്മൾ ഒരുപാട് വളർന്നെങ്കിലും നമ്മുടെ സമൂഹത്തിൽ തൊഴിലിന്‍റെയും റിട്ടയർമെന്‍റിന്‍റെയും ലോകം ഒരേ വേഗതയിൽ വികസിച്ചിട്ടില്ല. പ്രായമായ പലരും വിരമിക്കാനുള്ള പ്രായം കഴിഞ്ഞും ജോലി ചെയ്യാൻ തയ്യാറാണ്, പക്ഷേ അവർക്ക് അവസരങ്ങൾ ലഭിക്കുന്നില്ല.
- ദൈനംദിന ജോലികൾക്കും ചലനത്തിനും ബുദ്ധിമുട്ട്
ഒരു വ്യക്തിയുടെ ചലനശേഷിയും ആരോഗ്യവുമെല്ലാം പ്രായമാകുമ്പോൾ സ്വാഭാവികമായും കുറയും. ഇത് ദൈനംദിന ജോലികൾ പൂർത്തിയാക്കുന്നത് പ്രയാസം സൃഷ്‌ടിക്കുന്നു. ഇത് ക്രമേണ അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിന് അടക്കം മറ്റുള്ളവരുടെ സഹായം തേടേണ്ടതായി വരുന്നു.
- ശരിയായ പരിചരണം
പ്രായം കൂടി വരുമ്പോൾ പലർക്കും പരിചാരകരെ ആവശ്യം വന്നേക്കാം. ചില സാഹചര്യങ്ങളിൽ പ്രായമായ പലർക്കും അധിക പരിചരണം ആവശ്യമാണ്. ഈ പരിചരണം കുടുംബാംഗങ്ങളാണ് പൊതുവേ നൽകേണ്ടത്. എന്നാൽ ജോലിയും മറ്റ് ഉത്തരവാദിത്തങ്ങളുമായി തിരക്കിലാകുന്ന അവസ്ഥയിൽ പരിചരിക്കാൻ അവർക്ക് വളരെയധികം ബുദ്ധിമുട്ട് തോന്നാം. അത്തരം സാഹചര്യങ്ങളിൽ ചിലപ്പോൾ പരിചരണത്തിന് പുറത്ത് നിന്ന് ഒരാളെ ആശ്രയിക്കേണ്ടതായും വരാം.