സിപാഹിജാല (ത്രിപുര) : കിണർ വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. സിപാഹിജാല ജില്ലയിലെ മേലാഘര്‍ നേത്രമുറ ജെബി സ്‌കൂളിലെ ഉപയോഗ ശൂന്യമായ കിണർ വൃത്തിയാക്കുന്നതിനിടെയാണ് മരണം. നിയോറമുറ പ്രദേശവാസികളായ ഷുക്കുര മണി മുരസിങ്, ശംഭുകുമാർ ദേബ്ബർമ, അശോക് കുമാർ ത്രിപുര എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഏറെ നാളായി ശുചീകരിക്കാതെ കിടന്ന കിണറ്റിലേക്കാണ് തൊഴിലാളികൾ ഇറങ്ങിയത്. നേത്രമുറ ജെബി സ്‌കൂളിലെ പ്രധാനാധ്യാപകൻ ശുചീകരണ പദ്ധതിക്ക് തുടക്കമിടുകയായിരുന്നു. തൊഴിലാളികള്‍ കിണറില്‍ ഇറങ്ങി കുറച്ച് സമയത്തിന് ശേഷം പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പ്രാദേശിക തൊഴിലാളികളെ ചുമതലപ്പെടുത്തുകയായിരുന്നു.
തൊഴിലാളികൾ ശ്രമിച്ചിട്ടും അവരിൽ നിന്ന് പ്രതികരണമുണ്ടായില്ല. ഇത് പ്രദേശവാസികൾക്കിടയിൽ ആശങ്ക ഉയർത്തി, അവർ ഉടൻ തന്നെ മേലാഘർ അഗ്നിശമനസേനയെ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കിണറ്റിൽ നിന്ന് മൂന്ന് തൊഴിലാളികളുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
മൃതദേഹം മേലാഘർ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോർട്ടം നടത്തി. മേലാഘർ പൊലീസ് സ്റ്റേഷനിൽ സെക്ഷൻ 174 സിആർപിസി പ്രകാരം കേസെടുത്തതായി സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ദേബാശിഷ് ദാസ് അറിയിച്ചു.
ALSO READ: ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ പിടിവിട്ട് വീണു ; യുവതിക്ക് ദാരുണാന്ത്യം