മീററ്റ്: ആറ് ഡോക്‌ടര്‍മാര്‍ ചേര്‍ന്ന് സര്‍ജറിക്കിടെ തന്‍റെ വൃക്ക മോഷ്‌ടിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. ഉത്തര്‍പ്രദേശിലെ മീററ്റിലെ കെഎംസി ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിലെ ഡോക്‌ടര്‍മാര്‍ക്കെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. ഇതിനുപിന്നാലെ ആറ് ഡോക്‌ടര്‍മാര്‍ക്കെതിരെയും ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ ഡോക്‌ടര്‍മാര്‍ തന്നെ മർദിച്ചെന്നും യുവതിയായ കവിത പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു. 2017ലാണ് ദാരുണ സംഭവമുണ്ടായത്. അസുഖം ബാധിച്ച യുവതി മീററ്റിലെ ബാഗ്‌പത് റോഡിലുള്ള കെഎംസി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. യുവതിയെ പരിശോധിച്ച ഡോക്‌ടര്‍ സുനിൽ ഗുപ്‌ത ശസ്‌ത്രക്രിയയ്‌ക്ക് ശുപാര്‍ശ ചെയ്‌തു.
തുടര്‍ന്ന് 2017 മെയ് 20ന് യുവതിയെ ശസ്‌ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്‌തു. ഇതിനിടെ ഡോക്‌ടര്‍മാര്‍ തന്‍റെ വൃക്ക മോഷ്‌ടിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ ഉള്ളത്. ഡോക്‌ടര്‍ സുനിൽ ഗുപ്‌ത തന്‍റെ സഹ ഡോക്‌ടർമാരുമായി ചേർന്ന് തൻ്റെ വൃക്ക നീക്കം ചെയ്‌ത് മറ്റൊരാൾക്ക് വിറ്റതായി ഇരയായ യുവതി ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2022 ഒക്‌ടോബർ 28ന് മറ്റൊരു ഡോക്‌ടര്‍ തന്നെ പരിശോധിച്ചപ്പോഴാണ് തന്‍റെ ഇടതു വൃക്ക ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തതായി കണ്ടെത്തിയതെന്ന് കവിത വ്യക്തമാക്കി. ഡോക്‌ടര്‍ സുനിൽ ഗുപ്‌ത മനുഷ്യാവയവങ്ങൾ കടത്തുന്ന ആളാണെന്നും കവിത ആരോപിച്ചു.
മീററ്റ് ആസ്ഥാനമായുള്ള ആശുപത്രിയാണ് തന്നെ വഞ്ചിച്ചതെന്ന് ഇരയായ സ്‌ത്രീ ഇടിവി ഭാരതിനോട് പറഞ്ഞു. 'കെഎംസി ഹോസ്‌പിറ്റലിലെ ഡോക്‌ടർമാർ എന്‍റെ കിഡ്‌നി നീക്കം ചെയ്‌തു, രണ്ട് മൂന്ന് വർഷത്തിന് ശേഷം ഞാൻ ഇത് കണ്ടെത്തി. ഞാൻ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിൽ പോയ സമയത്താണ് സംഭവം കണ്ടെത്തിയത്,' യുവതി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ആശുപത്രി ഡയറക്‌ടര്‍ക്കും ഡോക്‌ടര്‍മാര്‍ക്കുമെതിരെ കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.