ജൽന : ജോലി ഉപേക്ഷിച്ചതിന്‍റെ വൈരാഗ്യത്തില്‍ തൊഴിലുടമ നാല്‍പ്പതുകാരിയെ കുത്തികൊന്നു. മഹാരാഷ്ട്രയിലെ ജൽന ജില്ലയില്‍ വെള്ളിയാഴ്‌ച (മെയ് 10) രാത്രിയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച മകനെയും പ്രതി ഉപദ്രവിച്ചു.
കൃത്യത്തിന് ശേഷം കടന്നു കളയാന്‍ ശ്രമിച്ച പ്രതി ഗണേഷ് കടക്ഡെ (45)യെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലപ്പെട്ട സുഭദ്ര വൈദ്യ പ്രതിയുടെ റെസ്റ്റോറൻ്റിലെ ജീവനക്കാരിയായിരുന്നു. അടുത്തിടെ ജോലി ഉപേക്ഷിച്ച സ്ത്രീയെ തിരികെയെത്താൻ ആവശ്യപ്പെട്ട് നിരന്തരമായി പ്രതി ശല്യം ചെയ്‌തിരുന്നു.
സംഭവം നടന്ന ദിവസം രാത്രി പ്രതി സുഭദ്രയുടെ വീട്ടില്‍ മദ്യപിച്ച് എത്തുകയും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ അവര്‍ അതിന് വിസമ്മതിച്ചു. തുടര്‍ന്ന് പ്രകോപിതനായ പ്രതി കത്തികൊണ്ട് സുഭദ്രയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൗജ്‌പുരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
READ ALSO: ബാറിൽ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു