പറ്റ്ന : 2022 ഓഗസ്റ്റില്‍ മോദിയുടെ ഏകാധിപത്യ പ്രവണതകള്‍ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് കാവി പാര്‍ട്ടിയുമായുള്ള ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് ലാലു പ്രസാദിന്‍റെ ആര്‍ജെഡിയുമായി ചേര്‍ന്ന് ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ചതുമുതല്‍ ബിജെപി തക്കം പാര്‍ത്ത് കഴിയുകയായിരുന്നു ഒരു അവസരത്തിനായി. ഇപ്പോഴിതാ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ അവര്‍ക്ക് ചിറക് വിരിക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ്.
നിതീഷ് ബിജെപിയുടെ ചിറകിലേറി പറക്കാന്‍ തുടങ്ങുമ്പോള്‍ കനത്ത പ്രഹരമേറ്റിരിക്കുന്നത് ഇന്ത്യ മുന്നണിക്കാണ്. കോണ്‍ഗ്രസിന് പ്രത്യേകിച്ചും കനത്ത തിരിച്ചടിയാണ് ബിഹാറിലെ രാഷ്ട്രീയ നാടകങ്ങള്‍ സമ്മാനിച്ചിരിക്കുന്നത്. പക്ഷേ യഥാര്‍ത്ഥത്തില്‍ നിതീഷിന് മുന്നില്‍ അതിജീവനത്തിന് ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു.
മുഖ്യമന്ത്രി പദവും പാര്‍ട്ടിയും സുരക്ഷിതമാക്കാനാണ് നിതീഷ് ബിജെപിയുടെ കൈപിടിച്ചിരിക്കുന്നത്. എന്നാല്‍ നിതീഷിന്‍റെ ഈ ഗതികേട് ബിജെപിക്ക് സംസ്ഥാന- ദേശീയ രാഷ്ട്രീയ രംഗത്ത് ഉണ്ടാക്കാന്‍ പോകുന്നത് വലിയ നേട്ടമാണ്. ശരിക്കും സംസ്ഥാനത്ത് ബിജെപിയുടെ ജാതകം തന്നെ തിരുത്തിക്കുറിക്കപ്പെട്ടിരിക്കുന്നു. നിതീഷിന്‍റെ ഈ നീക്കം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെപിയുടെ സീറ്റുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.
ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ചെലവില്‍ ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും നിതീഷ് ബിജെപിയെ പുണരാന്‍ ഒരുങ്ങുമ്പോള്‍ ഏറെ നഷ്ടം കോണ്‍ഗ്രസിനാണ്. വിലപേശലിനുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് ധൃതിപ്പെട്ട് ബിജെപിയും ജെഡിയുവും ഇത്തരമൊരു നീക്കത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.
സംസ്ഥാനത്ത് ലാലുപ്രസാദ് യാദവിന്‍റെ ആര്‍ജെഡി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 79 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. തൊട്ടുപിന്നാലെ ബിജെപിയുമുണ്ട്. 78 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. എന്നാല്‍ കേവലം 45 എംഎല്‍എമാര്‍ മാത്രമുള്ള നിതീഷ് തന്‍റെ രാഷ്‌ട്രീയ ചാണക്യതന്ത്രങ്ങളിലൂടെ കോണ്‍ഗ്രസിന്‍റെ 19 എംഎല്‍എമാരെയും ഇടതുപാര്‍ട്ടികളുടെ പതിനാല് പേരെയും ഒപ്പം കൂട്ടി മുഖ്യമന്ത്രി പദത്തിലേക്ക് നടന്നുകയറുകയായിരുന്നു.
243 അംഗ നിയമസഭയില്‍ 160 എംഎല്‍എമാരെ ഒപ്പം കൂട്ടി മഹാഗഡ്ബന്ധന്‍ എന്ന സഖ്യത്തിലൂടെ ആയിരുന്നു നിതീഷിന്‍റെ പട്ടാഭിഷേകം. കാര്യങ്ങളില്‍ മാറ്റമൊന്നുമുണ്ടായില്ലെങ്കില്‍ ജെഡിയുവിനൊപ്പം ചേര്‍ന്ന് ബിജെപിക്കും എച്ച്എഎമ്മിനും(ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച) 122 എന്ന മാന്ത്രിക സംഖ്യ മറികടക്കാനാകും. നാല് എംഎല്‍എമാരുള്ള എച്ച്എ എം ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്.
243 അംഗ നിയമസഭയില്‍ കേവലം 45 പേരുടെ അംഗബലം മാത്രമുള്ള താന്‍ എപ്പോള്‍ വേണമെങ്കിലും അധികാരഭ്രഷ്‌ടനായേക്കാം എന്നൊരു ഭീതി നിതീഷില്‍ എപ്പോഴും ഉണ്ടായിരുന്നു. സംസ്ഥാനത്ത് ആര്‍ജെഡിയും ബിജെപിയും തന്നെയാണ് കരുത്തര്‍ എന്ന കാര്യം നിതീഷിന് അറിയാം. തന്‍റെ അംഗങ്ങളെ കൂടി റാഞ്ചിയാല്‍ ഇരുപാര്‍ട്ടികളിലെയും ആര്‍ക്ക് വേണമെങ്കിലും അനായാസം സര്‍ക്കാര്‍ രൂപീകരിക്കാവുന്നതേയുള്ളൂ.
ജനതാദള്‍(യു)വില്‍ പിളര്‍പ്പുണ്ടാക്കാന്‍ ആര്‍ജെഡി ചില തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് തിരക്കിട്ട് ഇത്തരമൊരു നീക്കത്തിന് നിതീഷിനെ പ്രേരിപ്പിച്ചത് എന്നാണ് സൂചന. തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു നീക്കം. യാദവ കുടുംബത്തോട് ഏറെ അടുപ്പമുള്ള ലാലന്‍ സിങ് തന്നെ അട്ടിമറിച്ച് തേജസ്വിയെ മുഖ്യമന്ത്രിയാക്കുമെന്ന ഭീതി ഉടലെടുത്തതോടെയാണ് നിതീഷ് ലാലനെ ജനതാദള്‍ യു ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയത്.
Also Read:ലാലുവെത്തി നിതീഷ് അയഞ്ഞു: മാറി മറിഞ്ഞ് ബീഹാര്‍ നാടകം
ഏതായാലും ബിജെപിക്ക് ഇതൊരു മധുരപ്രതികാരമാണ്. നിതീഷ് എന്‍ഡിഎയില്‍ നിന്ന് അകലാനുള്ള കാരണങ്ങള്‍ക്കൊന്നും യാതൊരു മാറ്റവുമില്ലാത്ത സാഹചര്യത്തില്‍ തന്നെ അദ്ദേഹത്തെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ സാധിച്ചിരിക്കുന്നു. ഒപ്പം ഇന്ത്യ മുന്നണിയുടെ സ്വപ്‌നങ്ങള്‍ക്ക് പ്രഹരമേല്‍പ്പിക്കാനാവുകയും ചെയ്‌തു.