മുംബൈ: മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയും ശിവസേന ഷിൻഡെ വിഭാഗവും തര്‍ക്കം തുടരുന്നതിനിടെ നിര്‍ണായക തീരുമാനവുമായി മുൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. അടുത്ത മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി നേതൃത്വത്തിനും വിട്ടതായി ശിവസേന അധ്യക്ഷൻ ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. താൻ ഒരു തടസമാകില്ലെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞെന്നും, മുഖ്യമന്ത്രി പദത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് മോദി ആണെന്നും, അദ്ദേഹം എന്ത് തീരുമാനം എടുത്താലും താൻ അത് സ്വീകരിക്കുമെന്നും ഷിൻഡെ പറഞ്ഞു.
'കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഞാനൊരു തടസമാകുമെന്ന് കരുതേണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾക്ക് തീരുമാനമെടുക്കാം, ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ (എൻഡിഎ) അല്ലെങ്കിൽ മഹായുതിയുടെ തലവൻ എന്ന നിലയിൽ അത് ഞങ്ങൾക്ക് അന്തിമമായിരിക്കും. സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ബിജെപിയുടെ ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും ശിവസേന പിന്തുണയ്ക്കും,' എന്ന് ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹാരാഷ്‌ട്ര സർക്കാർ രൂപീകരിക്കുന്നതിന് പൂർണ പിന്തുണ മോദി ഉറപ്പുനൽകിയതായും താനെയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഏകനാഥ് ഷിൻഡെ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ രണ്ടര വർഷമായി മഹായുതി സർക്കാർ ചെയ്ത പ്രവർത്തനങ്ങളിൽ ജനങ്ങൾ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെന്നും താൻ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ നല്ലവരായ ജനങ്ങളാണ് മഹായുതി സഖ്യത്തെ വീണ്ടും അധികാരത്തില്‍ എത്തിച്ചത്. മഹായുതി സർക്കാർ ചെയ്ത പ്രവർത്തനങ്ങളിൽ ജനങ്ങൾ വിശ്വാസം പ്രകടിപ്പിച്ചു. ഇത് ജനങ്ങളുടെ വിജയമാണെന്നും ഷിൻഡെ പറഞ്ഞു.
മഹാരാഷ്‌ട്രയില്‍ കണ്ടത് ചരിത്ര വിജയമാണ്, തങ്ങൾ അക്ഷീണം പ്രവർത്തിച്ചു, തന്‍റെ അവസാന ശ്വാസം വരെ മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും, തങ്ങളുടെ സര്‍ക്കാരിന്‍റെ കാലത്ത് യുവാക്കൾക്ക് ജോലി ലഭിച്ചതിൽ താൻ സന്തുഷ്‌ടനാണ്, ചിലർ ചെറുകിട ബിസിനസുകൾ തുടങ്ങി, ജനങ്ങളുടെ നല്ലതിന് വേണ്ടി മാത്രമാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തെ മഹായുതി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാൻ മഹായുതിയുടെ നേതാക്കൾ ന്യൂഡൽഹിയിൽ യോഗം ചേരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ഷിൻഡെ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഷിൻഡെ പിൻമാറുകയാണെങ്കില്‍ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ വീണ്ടും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായേക്കും. അടുത്തിടെ നടന്ന മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സംസ്ഥാനത്ത് അധികാരം നിലനിർത്തിയിരുന്നു. ബിജെപി 132 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നപ്പോൾ ശിവസേന 57 സീറ്റുകളും അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) 41 സീറ്റുകളും നേടി.