ബെംഗളൂരു : ഭാര്യയുടെ ഫോണ്‍ നമ്പറും ഫോട്ടോയും സമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഭര്‍ത്താവ് തന്നെ പോസ്‌റ്റ് ചെയ്‌തതായി പരാതി. ബെംഗളൂരുവിലാണ് സംഭവം.
ഭാര്യയുമായി വഴക്കിട്ട്, ഒരു വർഷമായി അകന്നു കഴിയുകയാണ് ഭർത്താവ്. ഇയാള്‍ ഭാര്യയുടെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുകയും കോൾ ഗേളിനെ ആവശ്യമുണ്ടെങ്കില്‍ വിളിക്കുക എന്ന സന്ദേശത്തോടെ ഭാര്യയുടെ ഫോട്ടോയും ഫോൺ നമ്പറും പോസ്‌റ്റ് ചെയ്യുകയുമായിരുന്നു.
ഇരയായ യുവതി, നന്ദിനി ലേഔട്ട് പൊലീസ് സ്‌റ്റേഷനിലും സംസ്ഥാന വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. വിദേശത്തുള്ള ഭർത്താവിനെതിരെയാണ് ഭാര്യ പരാതി നൽകിയിരിക്കുന്നത്.
2019 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഭര്‍ത്താവില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഡനം നേരിട്ടതിനെ തുടർന്ന് 1 വർഷം മുമ്പ് ഇവര്‍ വേർപിരിഞ്ഞു. ഈ വൈരാഗ്യത്തെ തുടർന്നാണ് ഭർത്താവ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
ചില പോൺ വെബ്‌സൈറ്റുകളിൽ തന്‍റെ നമ്പര്‍ നൽകിയതായും യുവതി പരാതിയില്‍ പറയുന്നു. എല്ലാ ദിവസവും കോളുകളും വാട്‌സ്‌ആപ്പ് സന്ദേശങ്ങളും വരുന്നതായും പിതാവിന്‍റെ നമ്പറിലും ദിവസേന പത്തോളം കോളുകളും വാട്‌സ്‌ആപ്പ് സന്ദേശങ്ങളും വരുന്നതായും പരാതിക്കാരി പറയുന്നു. ഇത് മൂലം ഒരുപാട് മാനസിക പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നെന്നും അതിനാല്‍ ഭർത്താവിനെതിരെ നിയമ നടപടി സ്വീകരിക്കണം എന്നുമാണ് ഇരയായ യുവതിയുടെ പരാതി.