ന്യൂഡല്‍ഹി: കശ്‌മീരിന്‍റെ പേരില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് യുഎൻ ജനറൽ അസംബ്ലിയിൽ ചുട്ട മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ഭവിക മംഗളാനന്ദനാണ് ഇപ്പോള്‍ താരം. തീവ്രവാദം, മയക്കുമരുന്ന് വ്യാപാരം, അന്തർദേശീയ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ആഗോള പ്രശസ്‌തി നേടിയ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ ആക്രമിക്കാന്‍ കാണിക്കുന്ന ചങ്കൂറ്റം വെറും കാപട്യമാണെന്ന ഭവിതയുടെ മറുപടിക്ക് ഇന്ത്യയിലുടനീളം വലിയ കയ്യടി ലഭിക്കുകയാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കശ്‌മീരിലെ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്ന പ്രവണത ഇന്ത്യ അവസാനിപ്പിക്കണമെന്നാണ് യുഎൻജിഎയുടെ 79-ാമത് സമ്മേളനത്തില്‍ ഷഹബാസ് ഷരീഫ് പറഞ്ഞത്. കശ്‌മീരില്‍ സമാധാനം ഉറപ്പാക്കാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നും ഷഹബാസ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഭവിക മംഗളാനന്ദന്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചത്.
ആരാണ് ഭവിക മംഗളാനന്ദൻ?
ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നയതന്ത്രജ്ഞയാണ് ഭവിക മംഗളാനന്ദൻ. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) നിന്ന് 2011 ൽ ബിരുദം നേടിയ ഭവിക, 2015 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ്.
നിലവിൽ യുഎന്നിലെ ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ, സൈബർ സുരക്ഷ, ഒന്നാം കമ്മിറ്റി (നിരായുധീകരണം, അന്താരാഷ്‌ട്ര സുരക്ഷ), ജിഎ കോർഡിനേഷൻ (ഇന്ത്യയുടെ യുഎൻ സ്ഥിര പ്രതിനിധി, ന്യൂയോർക്ക്) എന്നിവയുടെ പ്രഥമ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് ഭവിത. വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായും ഭവിക പ്രവർത്തിച്ചിട്ടുണ്ട്.
ഷ്നൈഡർ ഇലകട്രിക്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയിൽ സീനിയർ മാർക്കറ്റിങ് എഞ്ചിനീയറായും അസിസ്റ്റന്‍റ് സിസ്റ്റം എഞ്ചിനീയറായും ഭവിത ജോലി ചെയ്‌തിട്ടുണ്ട്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ തീപാറുന്ന പ്രസംഗം നടത്തിയ ഭവികയെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ തെരഞ്ഞത്.