ന്യൂഡൽഹി : ഇന്നലെ രാജ്യതലസ്ഥാനത്തെ മാളവ്യ നഗർ മേഖലയിൽ പെട്ടന്ന് ഉണ്ടായ ശക്തമായ മഴയിലും കൊടുങ്കാറ്റിലും വീടിന്‍റെ മതിൽ തകർന്ന് എട്ട് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ആറുപേർക്ക് നിസാരപരിക്കുകളാണ് ഉള്ളത്. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ്, പിഎസ് മാളവ്യ നഗറിൽ മതിൽ ഇടിഞ്ഞതുമായി ബന്ധപ്പെട്ട ഒരു പിസിആർ കോൾ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഇന്നലെ വൈകുന്നേരം ഡൽഹിയുടെ പല ഭാഗങ്ങളിലും മഴ പെയ്‌തതിനാൽ ദേശീയ തലസ്ഥാനത്ത് കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ അനുഭവപ്പെട്ടു. മഴ പെയ്‌തത് കൊടുംചൂടിൽ വലയുന്ന യാത്രക്കാർക്ക് ചെറിയ തോതിൽ ആശ്വാസമായി. വരുന്ന 2-3 ദിവസങ്ങളിൽ ഡൽഹിയിലെ താപനില 38 ഡിഗ്രി സെൽഷ്യസായി തുടരുമെന്നും തിങ്കളാഴ്‌ച നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 4-5 ദിവസങ്ങൾക്കുള്ളിൽ കിഴക്കൻ ഇന്ത്യയിൽ താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് ഐഎംഡി സീനിയർ സയൻ്റിസ്‌റ്റ് ഡോ നരേഷ് കുമാർ പറഞ്ഞു. "ഡൽഹിയിൽ, വരുന്ന 2-3 ദിവസങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസായി തുടരുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടൽ. ഇതിനുശേഷം, ഇത് സാവധാനത്തിൽ 1-2 ഡിഗ്രി വരെ വർധിച്ചേക്കാം, അതോടൊപ്പം നാളെ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്' -അദ്ദേഹം പറഞ്ഞു.