ന്യൂഡൽഹി : വിവിപാറ്റുകള്‍ 100 ശതമാനം എണ്ണി ഉറപ്പ് വരുത്തണമെന്ന ഹർജി തള്ളിയ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അരുൺ കുമാർ അഗർവാളാണ് ഹര്‍ജി സമർപ്പിച്ചത്. ഏപ്രിൽ 26-ലെ വിധിയിൽ തെറ്റുകളും പിഴവുകളും ഉണ്ടെന്ന് പുനപരിശോധന ഹർജിയിൽ പറയുന്നു.
വിവിപാറ്റ് സ്ലിപ്പുകൾ ഉപയോഗിച്ച് ഇവിഎം വോട്ടുകൾ കണക്കാക്കുന്നതിലൂടെ ഫലം അകാരണമായി വൈകുമെന്നോ ഇതിന് ആവശ്യമായ മാന്‍ പവര്‍ ഇരട്ടിയാകുമെന്നോ ഉള്ള വാദങ്ങള്‍ ശരിയല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വോട്ടര്‍മാര്‍ക്ക് പരിശോധിക്കാൻ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ സാധിക്കില്ല. കൂടാതെ പ്രോഗ്രാമർമാർ, നിർമാതാക്കൾ, മെയിൻ്റനൻസ് ടെക്‌നീഷ്യൻമാർ തുടങ്ങിയവര്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ എളുപ്പത്തില്‍ മാറ്റം വരുത്താനാവുന്നതാണ്. അതിനാല്‍ ഏപ്രില്‍ 26 ന് പുറപ്പെടുവിച്ച ഉത്തരവില്‍ പിശകുകളുണ്ടെന്നും വിധി പുനപരിശോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഏപ്രില്‍ 26 ന് ആണ് വിവിപാറ്റ് വഴിയുള്ള പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകൾ 100% പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്‍റേതായിരുന്നു ഉത്തരവ്.