ഡൽഹി : രാജ്യതലസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ, ഹിന്ദു യുവാവിനെ മുസ്‌ലിം മതവിഭാഗക്കാർ സംഘം ചേർന്ന് ആക്രമിച്ചു എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഡൽഹിയിലെ സീലംപൂർ പ്രദേശത്താണ് മുസ്‌ലിങ്ങൾ ചേർന്ന് ഹിന്ദു യുവാവിനെ ആക്രമിച്ചുവെന്ന തരത്തിൽ വാർത്തകൾ പരക്കുന്നത്. ആളുകൾ സംഘം ചേർന്ന് യുവാവിനെ മർദിക്കുന്നത് വീഡിയോയിൽ കാണാം.
വീഡിയോയ്‌ക്ക് പിന്നിലെ യഥാർഥ വസ്‌തുതയെന്തെന്ന് പരിശോധിക്കാം. ഡൽഹിയിലെ സീലംപൂർ പ്രദേശത്ത് ഒരു ഹിന്ദു യുവാവിനെ മുസ്‌ലിങ്ങൾ ആക്രമിച്ചതിൻ്റെ ദൃശ്യങ്ങൾ എന്നാണ് വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റിലെ അവകാശവാദം. ആരാണ് കൊല്ലപ്പെട്ടത്? ആരാണ് കൊലപാതികൾ? ഈ കൊലപാതകത്തിന് വർഗീയ മുഖമുണ്ടോ?
വസ്‌തുതയെന്ത്?
2024 മെയ് 05ന് ഡൽഹിയിലെ ജാഫ്രാബാദ് പ്രദേശത്ത് നടന്ന ഒരു കൊലപാതകത്തിൻ്റെ ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാർത്ത റിപ്പോർട്ടുകളും പൊലീസും പറയുന്നതനുസരിച്ച്, ഈ സംഭവത്തിൽ മരിച്ചയാളുടെ പേര് നസീർ എന്നാണ്. ഇയാളെ ആക്രമിച്ച് കൊലപ്പെടുത്തിയവരും മുസ്‌ലിം മതവിഭാഗത്തിൽപ്പെട്ടവരാണ്. അതായത് ഈ സംഭവത്തിലെ പ്രതികളും മരണപ്പെട്ടയാളും മുസ്‌ലിങ്ങൾ തന്നെ. സംഭവത്തിന് മറ്റ് വർഗീയ കോണുകളില്ലെന്ന് ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
അടുത്തിടെ, 2024 ഏപ്രിലിൽ സീലംപൂരിൽ മറ്റൊരു കൊലപാതകം നടന്നു. വാർത്ത റിപ്പോർട്ടുകൾ പ്രകാരം, ഷാനവാസ് എന്നയാളാണ് ഏപ്രിൽ 12ന്, ഡൽഹിയിലെ സീലംപൂരിൽ, ഖബ്രി മാർക്കറ്റിലെ ഇ ബ്ലോക്കിൽ പട്ടാപ്പകൽ പ്രായപൂർത്തിയാകാത്തയാളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കേസിലും വർഗീയ കോണുകൾ ഇല്ലെന്നും പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ എല്ലാ പ്രതികളും മുസ്‌ലിങ്ങളാണെന്നും സീലംപൂരിലെ എസ്എച്ച്ഒ സ്ഥിരീകരിച്ചു. തെറ്റായ അവകാശവാദമാണ് പോസ്റ്റ് ഉന്നയിക്കുന്നതെന്ന് വ്യക്തം.
അതേസമയം വൈറൽ വീഡിയോയുടെ ആധികാരികത പരിശോധിക്കുന്നതിനും വീഡിയോയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും, ഫൂട്ടേജിൽ നിന്നുള്ള കീഫ്രെയിമുകൾ ഉപയോഗിച്ച് ഗൂഗിൾ റിവേഴ്‌സ് ഇമേജിൽ തെരഞ്ഞപ്പോഴാണ് യഥാർഥ വസ്‌തുത വെളിവായത്. 2024 മെയ് 07 ന് 'ന്യൂസ്‌നയണ്‍' ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച്, 35 കാരനായ നസീറാണ് ഡൽഹിയിലെ ജാഫ്രാബാദിൽ ആക്രമണത്തിൽ ക്രൂരമായി കുത്തേറ്റ് കൊല്ലപ്പെട്ടത്. മെയ് 05 ന് വൈകുന്നേരമായിരുന്നു സംഭവം. കൊല്ലപ്പെട്ട നസീറിനെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് രേഖകൾ സൂചിപ്പിക്കുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം.
റിപ്പോർട്ടുകൾ പ്രകാരം വടക്കുകിഴക്കൻ ഡൽഹിയിലെ ചൗഹാൻ ബംഗാർ സ്വദേശിയാണ് കൊല്ലപ്പെട്ട നസീർ. കേസുമായി ബന്ധപ്പെട്ട് ജാഫ്രാബാദ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം നാല് പ്രായപൂർത്തിയാകാത്തവരെ പിടികൂടിയതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (നോർത്ത് ഈസ്റ്റ്) ജോയ് ടിർക്കി പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് ഡൽഹി പൊലീസിൻ്റെ ഡിസിപി (വടക്കുകിഴക്ക്) മാധ്യമങ്ങളോട് സംസാരിക്കുന്നതിൻ്റെ വീഡിയോ എഎൻഐ അന്ന് പങ്കുവച്ചിരുന്നു.
അതേസമയം ഏപ്രിലിൽ ഡൽഹിയിലെ സീലംപൂരിൽ ഷാനവാസ് എന്ന 35കാരൻ തലയ്‌ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് പിടികൂടി. മറ്റ് മൂന്ന് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായ 16 വയസുള്ള പ്രായപൂർത്തിയാകാത്ത രണ്ടുപേരും വളർന്നുവരുന്ന ഗുണ്ടാസംഘങ്ങളായിരുന്നു എന്നും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഷാനവാസിനെ വെടിവച്ചതെന്നും പൊലീസ് പറയുന്നു. ഈ കേസിൽ ഫയൽ ചെയ്‌ത എഫ്ഐആർ ഇവിടെ കാണാം.
ഈ സംഭവത്തിനും വർഗീയ വശമില്ലെന്ന് സീലംപൂരിലെ എസ്എച്ച്ഒ സ്ഥിരീകരിച്ചു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ എല്ലാ പ്രതികളും മുസ്‌ലിങ്ങളാണെന്നും മരിച്ചയാളും മുസ്‌ലിമാണെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തിൽ, 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ ഡൽഹിയിലെ ജാഫ്രാബാദിൽ നടന്ന കൊലപാതകത്തിൻ്റെ വീഡിയോ വർഗീയ ലക്ഷ്യത്തോടെ തെറ്റായാണ് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തം.
കുറിപ്പ്: ശക്തി കലക്‌ടീവിൻ്റെ ഭാഗമായി ഫാക്‌ട്‌ലിയിൽ (Factly) ആദ്യമായി പ്രസിദ്ധീകരിച്ച ഈ സ്റ്റോറി ഇടിവി ഭാരത് പുനഃപ്രസിദ്ധീകരിച്ചതാണ്.