പിലിഭിത്ത് : ബിജെപി സീറ്റ് നിഷേധിച്ചതോടെ പ്രിയപ്പെട്ട പിലിഭിത്തിനോട് യാത്ര പറഞ്ഞ് വരുൺ ഗാന്ധി. വരുണിനെ പാടെ മറന്ന് അമ്മ മനേക ഗാന്ധിക്ക് മാത്രം ബിജെപി സുൽത്താൻപൂരിൽ സീറ്റ് നൽകിയപ്പോൾ മണ്ഡലത്തിലെ ജനങ്ങളോട് നന്ദിയും യാത്രയും പറഞ്ഞ് വരുൺ കത്തെഴുതിയിരിക്കുകയാണ്. തന്‍റെ കത്ത് വരുൺ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.
താൻ എംപിയായില്ലെങ്കിലും തന്‍റെ നാടിന് വേണ്ടി അവസാനകാലം വരെ പ്രവർത്തിക്കുമെന്ന് വരുൺ ഗാന്ധി തന്‍റെ കത്തിൽ പറഞ്ഞു. വരുണിന്‍റെ കത്ത് തുടങ്ങുന്നത് തന്‍റെ നാടിന്‍റെ എണ്ണമറ്റാത്ത ഓർമകൾക്കുമുന്നിൽ വികാര നിർഭരനായി താൻ നിൽക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ്.
'അമ്മയുടെ വിരൽത്തുമ്പ് പിടിച്ച് 1983ലാണ് അന്ന് ആദ്യമായി പിലിഭിത്തിലെത്തിയത്. അന്നത്തെ ആ 3 വയസുകാരനായ കൊച്ചുകുട്ടിയെ ഞാൻ ഇന്നും ഓർക്കുന്നു. പിന്നീടുള്ള വർഷങ്ങളിൽ എംപി എന്ന നിലയിൽ മാത്രമല്ല നിങ്ങളിൽ ഒരാളെന്ന നിലയിൽ പിലിഭിത്തിലെ ആളുകളെ സേവിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ഭാഗ്യമായി ഞാൻ കരുതുന്നു.
പ്രിയപ്പെട്ട ജനങ്ങൾക്ക് എന്‍റെ ആശംസകൾ' എന്ന് വരുൺ കത്തിൽ പറഞ്ഞു. 'പിലിഭിത്തിലെ ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച ലാളിത്യം എന്‍റെ വളർച്ചയിർലും വികാസത്തിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതിനിധിയായത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. എന്‍റെ കഴിവിന്‍റെ പരമാവധി നിങ്ങളുടെ താൽപര്യങ്ങൾക്കായി ഞാൻ എപ്പോഴും ശബ്‌ദം ഉയർത്തിയിട്ടുണ്ട്.
എംപി എന്ന നിലയിലുള്ള കാലാവധി അവസാനിക്കാറായെങ്കിലും അവസാന ശ്വാസം വരെ പിലിഭിത്തുമായുള്ള ബന്ധം അവസാനിപ്പിക്കാനാവില്ലെ'ന്ന് വരുൺ ഗാന്ധി എഴുതി. 'നിങ്ങളുടെ എം പിയായല്ല ഇനി മകനെന്ന നിവലയിൽ നിങ്ങൾക്കായി പ്രവർത്തിക്കും. ആജീവനാന്തം നിങ്ങളെ സേവിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. എന്‍റെ വാതിലുകൾ പഴയതുപോലെ നിങ്ങൾക്കായി എപ്പോഴും തുറന്നിരിക്കും. സാധാരണക്കാരന്‍റെ ശബ്‌ദം ഉയർത്താനാണ് ഞാൻ രാഷ്ട്രീയത്തിൽ വന്നത്, എപ്പോഴും അത് തുടരാൻ നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്.
എന്ത് വില കൊടുക്കേണ്ടി വന്നാലും ഞാനും പിലിഭിത്തും തമ്മിലുള്ള ബന്ധം എന്നും നിലനിർത്തും. അത് സ്‌നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ബന്ധമാണ്. ഏതൊരു രാഷ്ട്രീയ യോഗ്യതകൾക്കും അതീതമാണ് ആ ബന്ധം. ഞാൻ നിങ്ങളുടേതായിരുന്നു, ഇനിയും അത് അങ്ങനെ തന്നെ തുടരും' -വരുണ്‍ ഗാന്ധി കത്തില്‍ പറയുന്നു.
പിലിഭിത്ത് മണ്ഡലത്തിൽ നിന്ന് മനേക ഗാന്ധി ആറ് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. വരുൺ ഗാന്ധി രണ്ടുതവണ ഇവിടെനിന്ന് എംപിയായിരുന്നു. ഇത്തവണ പിലിഭിത്തിൽ നിന്ന് വരുണിന് പകരം ജിതിൻ പ്രസാദാണ് മത്സരിക്കുന്നത്.