ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകീകൃത സിവിൽ കോഡ് ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ അംഗീകാരം. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സംസ്‌ഥാനത്ത് ഇത് നിയമമായി. ഇതോടെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് നിലവില്‍ വരുന്ന സംസ്‌ഥാനമായി. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി തന്നെയാണ് ബില്‍ രാഷ്ട്രപതി അംഗീകരിച്ച വിവരം എക്‌സിലൂടെ പോസ്‌റ്റ് ചെയ്‌തത്. ഇനി ചട്ടങ്ങൾ ഉണ്ടാക്കിയ ശേഷം വിജ്ഞാപനമിറങ്ങുന്നതോടെ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാകും (Uttarakhand UCC approved by President).
സിവിൽ കോഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതോടെ എല്ലാ പൗരന്മാർക്കും തുല്യാവകാശം ലഭിക്കുമെന്നും, സ്ത്രീപീഡനം തടയപ്പെടുമെന്നും പുഷ്‌കർ സിങ് ധാമി എക്‌സില്‍ കുറിച്ചു. സംസ്ഥാനത്ത് സാമൂഹിക സമത്വത്തിൻ്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ച് ഐക്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഏകീകൃത സിവിൽ കോഡ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദിയുടെ കാഴ്‌ചപ്പാട് അനുസരിച്ച്, പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും, ഉത്തരാഖണ്ഡിൻ്റെ തനതായ സ്വഭാവം നിലനിർത്താനും സർക്കാർ ദൃഢനിശ്ചയം ചെയ്യുന്നതായും പുഷ്‌കർ സിങ് ധാമി എക്‌സിലെ പോസ്‌റ്റില്‍ പറഞ്ഞു.
ഏകീകൃത സിവിൽ കോഡിലെ പ്രധാന വ്യവസ്ഥകൾ:
- ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയതിന് ശേഷം ഉത്തരാഖണ്ഡിൽ വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കും. രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ സർക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
- വിവാഹിതരായ ദമ്പതികളിൽ ഒരാൾ മറ്റൊരാളുടെ സമ്മതമില്ലാതെ മതം മാറിയാൽ, അവരെ വിവാഹമോചനം ചെയ്യാനും ജീവനാംശം തേടാനും മറ്റേയാൾക്ക് പൂർണ്ണ അവകാശം.
- എല്ലാ മതങ്ങളിലും വിവാഹത്തിനുള്ള കുറഞ്ഞ പ്രായം ആൺകുട്ടികൾക്ക് 21 വയസ്സും പെൺകുട്ടികൾക്ക് 18 വയസ്സും ആയി നിശ്ചയിച്ചു.
- ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിവാഹമോചനമോ ഗാർഹിക തർക്കമോ ഉണ്ടായാൽ, അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടിയുടെ സംരക്ഷണം അമ്മയിൽ നിക്ഷിപ്‌തമാക്കും.
- എല്ലാ മതങ്ങളിലും ഭർത്താവിനും ഭാര്യയ്ക്കും വിവാഹമോചനത്തിന് തുല്യ അവകാശം.
- മുസ്‌ലിം സമുദായത്തിൽ പ്രചാരത്തിലുള്ള ഹലാല്‍, ഇദ്ദത് ആചാരങ്ങൾ നിരോധിക്കും.
- എല്ലാ മതങ്ങളിലും സമുദായങ്ങളിലുമുള്ള പെൺമക്കൾക്ക് സ്വത്തിൽ തുല്യ അവകാശം.
- സ്വത്തവകാശത്തിന് നിയമാനുസൃതവും നിയമവിരുദ്ധവുമായ കുട്ടികൾ എന്ന വ്യത്യാസം ഉണ്ടാകില്ല.
- ഒരാളുടെ മരണശേഷം അയാളുടെ സ്വത്തിൽ ഭാര്യയ്ക്കും കുട്ടികൾക്കും തുല്യാവകാശം, ഭാര്യക്കും കുട്ടികൾക്കും ഒപ്പം മാതാപിതാക്കൾക്കും സ്വത്തിൽ തുല്യാവകാശം. സ്ത്രീയുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനും ഔദ്യോഗികമായി സ്വത്തിൽ സംരക്ഷണം.
- ലിവ്-ഇൻ ബന്ധങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കും.
- രജിസ്ട്രേഷന് ശേഷം, രജിസ്ട്രാർ ദമ്പതികളുടെ മാതാപിതാക്കളെയോ രക്ഷിതാവിനെയോ വിവരം അറിയിക്കും.
- ലിവ്-ഇൻ ബന്ധത്തിൽ ജനിക്കുന്ന കുട്ടികളെ ആ ദമ്പതികളുടെ നിയമാനുസൃത മക്കളായി കണക്കാക്കും. വിവാഹിതരുടെ കുട്ടികള്‍ക്കാ ലഭിക്കുന്ന എല്ലാ അവകാശങ്ങളും ആ കുട്ടിക്ക് ലഭിക്കും.
എന്താണ് ഏകീകൃത സിവിൽ കോഡ് : പാരമ്പര്യം, ദത്തെടുക്കൽ, പിന്തുടർച്ചാവകാശം എന്നിവയുമായി ബന്ധപ്പെട്ട മതാധിഷ്‌ഠിത വ്യക്തിനിയമങ്ങളെ അസാധുവാക്കിക്കൊണ്ട് രാജ്യത്തെ എല്ലാ വ്യക്തികൾക്കും ബാധകമായ സമഗ്രമായ നിയമത്തെയാണ് ഏകീകൃത സിവിൽ കോഡ് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുച്ഛേദം രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായി സംസ്ഥാനം പ്രവർത്തിക്കണമെന്ന് നിർദേശിക്കുന്നുണ്ട്. എങ്കിലും വളരെക്കാലമായി ഈ വിഷയം ചർച്ചയിൽ മാത്രം ഒതുങ്ങുകയായിരുന്നു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം: 2022-ൽ നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയ പ്രധാന വാഗ്‌ദാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിന്‍റെ ഏകീകൃത സിവിൽ കോഡ്. അതിനാൽ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭയിൽ തന്നെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇതിനുള്ള നീക്കം തുടങ്ങി. തുടര്‍ന്ന് ഫെബ്രുവരി 7 ന് ഉത്തരാഖണ്ഡ് നിയമ സഭ ഏകീകൃക സിവില്‍ കോഡ് ബില്‍ പാസാക്കി. ഈ ബില്ലാണ് രാഷ്‌ട്രപതിയുടെ അംഗീകാരത്തോടെ ഇപ്പോള്‍ നിയമമായത്.