ഡെറാഡൂണ്‍: ഏക സിവില്‍ കോഡിനുള്ള ബില്ല് രാഷ്‌ട്രപതിയുടെ അനുമതിക്കയച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് നിയമസഭയില്‍ പാസായ ബില്ല് ഗവര്‍ണര്‍ ഗുര്‍മീത് സിങ് ഒപ്പുവെച്ച ശേഷമാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ അനുമതിക്കായി അയച്ചത്. രാഷ്‌ട്രപതി ഒപ്പുവെക്കുന്നതോടെ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് വൃത്തങ്ങള്‍ അറിയിക്കുന്നു.
ലോക്‌സാഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കുമെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ക്കാരിന്‍റെ പ്രതീക്ഷ.അനുമതി ലഭിച്ചാല്‍ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിന്‍റെ ചുവടു പിടിച്ച് മറ്റു സംസ്ഥാനങ്ങളിലും ഏക സിവില്‍ കോഡ് നടപ്പാക്കാമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്.
ഏക സിവിൽ കോഡിന്‍റെ പ്രധാന വ്യവസ്ഥകൾ ഇവയാണ്:
- വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കും. രജിസ്ട്രേഷൻ നടത്താത്ത പക്ഷം സർക്കാർ ആനുകൂല്യങ്ങള്‍ നഷ്‌ടമാകും.
- ഭാര്യയും ഭർത്താവും ജീവിച്ചിരിക്കുന്നിടത്തോളം കാലം രണ്ടാം വിവാഹം പൂർണ്ണമായും നിരോധിക്കും.
- എല്ലാ മതസ്ഥര്‍ക്കും വിവാഹത്തിനുള്ള കുറഞ്ഞ പ്രായം, ആൺകുട്ടികൾക്ക് 21 വയസും പെൺകുട്ടികൾക്ക് 18 വയസും ആയി നിശ്ചയിച്ചു.
- ദമ്പതികളിൽ ഒരാൾ മറ്റൊരാളുടെ സമ്മതമില്ലാതെ മതം മാറിയാൽ, മറ്റേയാൾക്ക് വിവാഹ മോചനം നേടാനും ജീവനാംശം നേടാനുമുള്ള പൂർണ അവകാശം ലഭിക്കും.
- വിവാഹ മോചനമോ ഗാർഹിക തർക്കമോ ഉണ്ടായാൽ, 5 വയസുവരെയുള്ള കുട്ടിയുടെ സംരക്ഷണം അമ്മയ്ക്ക് ആയിരിക്കും.
- എല്ലാ മതങ്ങളിലും വിവാഹമോചനത്തില്‍ ദമ്പതികള്‍ക്ക് തുല്യാവകാശം നൽകാനുള്ള വ്യവസ്ഥ.
- മുസ്ലീം സമുദായത്തിൽ പ്രചാരത്തിലുള്ള ഹലാല, ഇദ്ദത് തുടങ്ങിയ ആചാരങ്ങൾ നിരോധിക്കും.
- എല്ലാ മതങ്ങളിലും സമുദായങ്ങളിലുമുള്ള പെണ്‍മക്കള്‍ക്ക് സ്വത്തിൽ തുല്യ അവകാശം നൽകും.
- സ്വത്തവകാശത്തിന്‍റെ കാര്യത്തിൽ നിയമാനുസൃതവും നിയമ വിരുദ്ധവുമായ കുട്ടികൾ എന്ന വ്യത്യാസം ഉണ്ടാകില്ല. നിയമാനുസൃതമായി വിവാഹം കഴിച്ചിട്ടാല്ലത്തവരുടെ കുട്ടികളും ആ ദമ്പതികളുടെ സ്വന്തം കുട്ടികളായി കണക്കാക്കപ്പെടും.
- ഒരാളുടെ മരണശേഷം അയാളുടെ സ്വത്തിൽ ഭാര്യക്കും കുട്ടികൾക്കും തുല്യ അവകാശം ലഭിക്കും. സ്വത്തിൽ അമ്മയ്ക്കും അച്ഛനും തുല്യ അവകാശം ഉണ്ടാകും. ഉദരത്തിലുള്ള കുട്ടിയുടെ സ്വത്തവകാശവും സംരക്ഷിക്കപ്പെടും.
ലിവ്-ഇൻ ബന്ധങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കും. രജിസ്റ്റർ ചെയ്യുന്ന ദമ്പതികളുടെ മാതാപിതാക്കളെയോ രക്ഷിതാവിനെയോ രജിസ്ട്രാർ വിവരമറിയിക്കണം. ഇതുകൂടാതെ, ലിവ്-ഇൻ ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾ ആ ദമ്പതികളുടെ നിയമാനുസൃത കുട്ടികളായി കണക്കാക്കപ്പെടും. ഒരു ബയോളജിക്കൽ കുട്ടിയുടെ എല്ലാ അവകാശങ്ങളും ഈ കുട്ടിക്കും ലഭിക്കും.
2022 നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഏക സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സംസാരിച്ചിരുന്നു. സർക്കാർ രൂപീകരിച്ചയുടൻ, ആദ്യ മന്ത്രിസഭാ യോഗത്തിൽ ഏക സിവിൽ കോഡിന്‍റെ കരട് തയ്യാറാക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിൽ അഞ്ചംഗ സമിതിയും രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് സമഗ്ര പഠനം നടത്തി ഏക സിവിൽ കോഡിന്‍ന്‍റെ കരട് തയ്യാറാക്കിയത്. ഫെബ്രുവരി 6ന് ആണ് ധാമി സര്‍ക്കാര്‍ നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് പാസാക്കുന്നത്.
എല്ലാവർക്കും തുല്യ നിയമം എന്നതാണ് ഏകീകൃത സിവിൽ കോഡിന്‍റെ ലളിതമായ അർത്ഥം. മതവും ജാതിയും പരിഗണിക്കാതെ, വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍ എന്നിവ വിതരണം ചെയ്യുന്നതില്‍ എല്ലാ മതസ്ഥർക്കും ഒരേ നിയമമായിരിക്കും ഏകീകൃത സിവില്‍ കോഡില്‍ ഉണ്ടാവുക.
Also Read: ഏകീകൃത സിവിൽ കോഡ് ചര്‍ച്ച ചെയ്യാന്‍ അസം മന്ത്രിസഭ ; സമഗ്രമായി വിലയിരുത്തുമെന്ന് ജയന്ത മല്ല ബറുവ