ഉത്തരാഖണ്ഡ് : തെഹ്‌രി ജില്ലയിലെ കീർത്തിനഗർ ഫോറസ്റ്റ് റേഞ്ചിൽ പുള്ളിപ്പുലികളുടെ ആക്രമണം. അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. പ്രദേശത്ത് പുള്ളിപ്പുലി ആക്രമണം തുടര്‍ക്കഥയാവുകയാണ്.
അതേസമയം സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർധിച്ചുവരുന്നതിൽ ഉത്കണ്‌ഠ പ്രകടിപ്പിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ദുരന്തബാധിത പ്രദേശങ്ങളിൽ വനം വകുപ്പ് 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന് പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശിച്ചു. ആക്രമണ വിവരങ്ങള്‍ ലഭിച്ചാലുടന്‍ പ്രത്യേക പരിശീലനം ലഭിച്ച വനപാലകരെ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്ന ഇടങ്ങളിലേക്ക് അയക്കണമെന്നും അദ്ദേഹം അറിയിച്ചു.
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർധിച്ചുവരുന്നതിനാൽ വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ എത്രയും പെട്ടന്ന് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശിച്ചു.
വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാൻ ഗ്രാമങ്ങളുടെയും, വനങ്ങളുടെയും അതിർത്തികളിൽ കമ്പിവേലികൾ സ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ വനംവകുപ്പ് നിസഹായരായി മാറുന്നത് കാലങ്ങളായി കാണുന്നതാണെന്നും പുഷ്‌കര്‍ സിങ് ധാമി കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്‌ച (22-02-2024) തെഹ്‌രി ജില്ലയിലെ നൈതാന ചോറസ് ഗ്രാമത്തിലും പുള്ളിപ്പുലി ആക്രമണം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 11 സ്ത്രീകളടങ്ങിയ സംഘത്തിന് നേരെയാണ് പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായത്. അതിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ വനംവകുപ്പിന്‍റെ ക്യുആർടിയുടെ സഹായത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഡാങ് ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 90 വയസുള്ള ഒരു സ്ത്രീക്കും, പൈനുല ഗ്രാമത്തിൽ 60 വയസുള്ള ഒരു സ്ത്രീക്കും അതേ ദിവസം തന്നെ പരിക്കേറ്റിരുന്നു. പുള്ളിപ്പുലിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്‌ത ഗ്രാമങ്ങളെല്ലാം കീർത്തിനഗർ ഫോറസ്റ്റ് റേഞ്ചിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പരിക്കേറ്റ സ്ത്രീകളെയെല്ലാം ആക്രമിച്ചത് ഒരേ പുള്ളിപ്പുലി തന്നെയാണ് എന്നാണ് സൂചനയെന്ന് നരേന്ദ്രനഗർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ അമിത് കൻവാർ പറഞ്ഞു.
സംഭവത്തോടനുബന്ധിച്ച് കീർത്തിനഗർ ഫോറസ്റ്റ് റേഞ്ചിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. വന്യമൃഗങ്ങളുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഗ്രാമവാസികളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നരേന്ദ്രനഗർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ അമിത് കൻവാർ പറഞ്ഞു. പുള്ളിപ്പുലിക്ക് അസുഖമായിരിക്കാമെന്നും സ്വയം പ്രതിരോധത്തിനായി ആളുകളെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും ഡിഎഫ്ഒ അറിയിച്ചു.