അയോധ്യ(ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിന്‍റ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നടപടി. ബാബരി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിന്‍റെ മുപ്പത്തിരണ്ടാം വാര്‍ഷികദിനമാണ് ഇന്ന്. പൊലീസ്, ഭീകര വിരുദ്ധ സ്‌ക്വാഡ്, കമാന്‍ഡോകള്‍ എന്നിവരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ ക്രമസമാധാനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
സിആര്‍പിഎഫ്, പിഎസി, എടിഎസ്, സിവില്‍ പൊലീസ് എന്നിവരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ശ്രീരാമ ജന്മഭൂമിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് സൂപ്രണ്ട് ബാലചാരി ദുബെ പറഞ്ഞു. ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്ഥലത്ത് സുരക്ഷാ സേന റോന്തു ചുറ്റുന്നുണ്ട്. വാഹനങ്ങളും ആളുകളെയും പരിശോധിക്കുന്നുമുണ്ട്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വെള്ളിയാഴ്‌ച പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി ഷഹി ജമ മസ്‌ജിദിലും സുരക്ഷ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 24ന് സംഭാലിൽ കല്ലേറുണ്ടായ പശ്ചാത്തലത്തിലാണിത്. മുഗള്‍ കാലഘട്ടത്തില്‍ പണിത പള്ളിയില്‍ പുരാവസ്‌തു വകുപ്പ് തെരച്ചില്‍ നടത്തിയതാണ് സംഘര്‍ഷത്തിലേക്ക് നീണ്ടത്. ഇതേതുടര്‍ന്ന് നാല് പേര്‍ക്ക് ജീവന്‍ നഷ്‌ടമാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
പള്ളിയുടെ സ്ഥലം ഹരിഹര ക്ഷേത്രത്തിന്‍റേതാണെന്ന വാദവുമായി ഒരു പരാതി പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തെ തുടര്‍ന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എംപി പ്രിയങ്കയും സ്ഥലം സന്ദര്‍ശിക്കാനെത്തിയെങ്കിലും ഭരണകൂടം അനുമതി നല്‍കിയില്ല. ഘാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഇവരടങ്ങുന്ന കോണ്‍ഗ്രസ് സംഘത്തെ പൊലീസ് തടഞ്ഞു. രണ്ട് മണിക്കൂറോളം സ്ഥലത്ത് തുടര്‍ന്ന ശേഷം ഇവര്‍ മടങ്ങുകയായിരുന്നു.
1992 ഡിസംബര്‍ ആറിനാണ് അയോധ്യയില്‍ ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് നിന്ന് നിരവധി മുസ്‌ലിങ്ങള്‍ക്ക് ഒഴിഞ്ഞ് പോകേണ്ടി വന്നു. പലരുടെയും വീടുകള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്‌തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി. ആയിരത്തിലേറെ ജീവനുകള്‍ പൊലിഞ്ഞു.
Also Read; സംഭാലില്‍ പാക്കിസ്ഥാൻ, യുഎസ് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തി; എൻഐഎ സഹായം തേടി പൊലീസ്