ലഖ്നൗ : 'ചെറുപ്പം മുതല്‍ പഠനത്തില്‍ മിടുക്കനായിരുന്നൊരു കുട്ടി' -ആദിത്യ ശ്രീവാസ്തവയെ കുറിച്ച് അറിയാവുന്നവരോട് ചോദിച്ചാല്‍ ആദ്യം കിട്ടുന്ന ഉത്തരം ഇങ്ങനെയാണ്. സിവില്‍ സര്‍വീസ് എന്ന സ്വപ്നം ആദിത്യയുടെ മനസില്‍ കൂടുകൂട്ടിയതും നന്നേ ചെറുപ്പത്തില്‍ തന്നെ. ഐഎഎസ് ഓഫിസറായ അമ്മാവനായിരുന്നു അവന്റെ റോള്‍ മോഡല്‍. വലുതാകുമ്പോള്‍ അമ്മാവനെപ്പോലെ മികച്ചൊരു ഐഎഎസ് ഓഫിസറാകാന്‍ അവനും ആഗ്രഹിച്ചു. അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു.
ആരാണ് ആദിത്യ ശ്രീവാസ്തവ. ലഖ്നൗ സ്വദേശിയും കേന്ദ്ര ഓഡിറ്റ് വകുപ്പില്‍ ഉദ്യോഗസ്ഥനുമായ അജയ് ശ്രീവാസ്തവയുടെയും വീട്ടമ്മയായ ആഭ ശ്രീവാസ്തവയുടെയും രണ്ട് മക്കളില്‍ മൂത്തവന്, യുപിഎസ്സി ഫലം പുറത്തുവരുന്നതുവരെ ഇതായിരുന്നു ആദിത്യ. 2023ല്‍ നടന്ന യുപിഎസ്സി പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക്, അതും കോച്ചിങ്ങൊന്നും ഇല്ലാതെ, മാതാപിതാക്കളെ പോലും ഞെട്ടിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരന്.
'റിസള്‍ട്ട് വരുന്ന ദിവസം, ആദിത്യയുടെ ഫോണ്‍ കോള്‍ വരുന്നതിന് ഒരു പത്ത് മിനിറ്റ് മുന്‍പ് വരെ ഞാന്‍ വെബ്സൈറ്റ് പരിശോധിച്ചിരുന്നു. അപ്പോഴൊന്നും റിസള്‍ട്ട് വന്നിരുന്നില്ല. റിസള്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ അവന് വാട്സ്ആപ്പ് വഴി വിളിക്കുകയായിരുന്നു. 'പപ്പാ കുറച്ച് അധികമായി പോയി, ദേശീയ തലത്തില്‍ ഞാന്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നു അങ്ങനെയാണ് അവന് പറഞ്ഞത്' - മകന്റെ നേട്ടത്തെ കുറിച്ച് പറയുമ്പോള്‍ അജയ് ശ്രീവാസ്തവയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊടിഞ്ഞു.
വിവരം അറിഞ്ഞതോടെ ആദിത്യയുടെ വീട്ടില്‍ ഉത്സവ പ്രതീതിയായിരുന്നു. 'എന്നെങ്കിലും മകനൊരു ഐഎഎസ് ഓഫിസര്‍ ആകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ആദ്യ അഞ്ച് റാങ്കില്‍ അവന് ഉള്‍പ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ അവന് ഒന്നാം റാങ്ക് തന്നെ വാങ്ങി യഥാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു' - പറഞ്ഞത് ആദിത്യയുടെ അമ്മ ആഭ.
സിവില്‍ സര്‍വീസില്‍ ആദിത്യയുടെ ആദ്യ മുത്തമല്ല ഇത്. പത്താം ക്ലാസിലും പ്ലസ് ടുവിലും മികച്ച മാര്‍ക്ക്. ശേഷം ഐഐടി കാണ്‍പൂരില്‍ തുടര്‍പഠനം. ഇതിനിടെ ഒരു സ്വകാര്യ കമ്പനിയില്‍ ഒന്നരവര്‍ഷം ജോലി. ഐഐടി പഠനത്തിന് ശേഷമാണ് സിവില്‍ സര്‍വീസില്‍ ഒരു കൈ നോക്കാന്‍ ആദിത്യ മുന്നിട്ടിറങ്ങിയത്. അന്ന് പക്ഷേ 236-ാം റാങ്കാണ് ലഭിച്ചത്. ഐപിഎസ് സെലക്ഷന് കിട്ടി ട്രെയിനിങ്ങും ആരംഭിച്ചു.
പക്ഷേ ആദിത്യ സന്തോഷവാനായിരുന്നില്ല. ഐഎഎസ് ആയിരുന്നു അവന്റെ ലക്ഷ്യം. ചെറുപ്പം മുതല്‍ താനൊരു ഐഎഎസ് ഓഫിസറാകുമെന്ന് മകന് വാക്കുതന്നിരുന്നതായി അജയ് ശ്രീവാസ്തവ പറയുന്നു. 'കഠിനമായാണ് അവന് പരിശ്രമിച്ചത്. കോച്ചിങ്ങിനൊന്നും പോയിട്ടില്ല. പരിശ്രമിച്ചാല്‍ വിജയം സുനിശ്ചിതമാണെന്ന് അവന് എല്ലാവര്ക്കും കാണിച്ചുകൊടുത്തിരിക്കുകയാണ്' - അജയ് ശ്രീവാസ്തവ പറഞ്ഞു.
ഒരു ഇളയ സഹോദരിയാണ് ആദിത്യയ്ക്കുള്ളത്. അവളും സഹോദരന്റെ പാത പിന്തുടര്ന്ന് ഐഎഎസ് കോച്ചിങ് ചെയ്യുന്നു. ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് ശേഷം ആദിത്യയുടെ സഹോദരി ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പഠനത്തിലാണ്. മകളും ഐഎഎസ് നേടുമെന്ന് അജയ് ശ്രീവാസ്തവയ്ക്ക് ഉറപ്പാണ്.
ഒഴിവുസമയങ്ങളില്‍ ക്രിക്കറ്റ് കളിക്കാനും ക്രിക്കറ്റ് മത്സരങ്ങള്‍ കാണാനും പാട്ട് കേള്‍ക്കാനും ആഗ്രഹിക്കുന്ന ആളാണ് ആദിത്യ. എന്നാല്‍ ആദിത്യയുടെ ഇഷ്ട ഹോബി ദിനോസറുകളെ കുറിച്ച് പഠിക്കുന്നതാണ്. ദിനോസറുകളോട് പ്രത്യേക മമതയുള്ള ആദിത്യ അവയെ കുറിച്ച് കിട്ടാവുന്ന വിവരങ്ങളൊക്കെയും ശേഖരിക്കുകയും അവയെ കുറിച്ച് പഠിക്കുകയും ചെയ്യും.
Also Read:
- 'വിട്ടുകൊടുക്കില്ലെന്ന മനോഭാവം...'; വിരാട് കോലിയാണ് പ്രചോദനമെന്ന് സിവില്‍ സര്‍വീസ് മൂന്നാം റാങ്കുകാരി അനന്യ റെഡ്ഡി - UPSC RANK HOLDER ON VIRAT KOHLI
- രണ്ട് തവണ ഐപിഎസ്, ഇപ്പോൾ ഐഎഎസ്; മലയാളികളുടെ അഭിമാനമായ സിദ്ധാര്‍ത്ഥ് രാം കുമാറിനെ അറിയാം - WHO IS SIDHARTH RAMKUMAR
- സിവിൽ സർവീസിൽ മലയാളി തിളക്കം, റാങ്ക് ലിസ്റ്റിൽ ഇടം നേടിയത് 54 മലയാളികൾ, ആദ്യ 400 നുള്ളിൽ 22 പേർ - Civil Service Winners In Kerala