ലഖ്‌നൗ: പശുത്തൊഴുത്ത് കഴുകുകയും അവിടെ കിടക്കുകയും ചെയ്‌താല്‍ കാൻസർ ഭേദമാകുമെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിങ് ഗാംഗ്‌വാർ. പശുവിൻ്റെ പുറകിൽ അടിക്കുന്നതിലൂടെ രക്തസമ്മർദം കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നൗഗാവ പക്കാഡിയയിൽ 55 ലക്ഷം രൂപ ചെലവിൽ നിർമിച്ച കൻഹ ഗോശാല ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രക്തസമ്മർദമുള്ള രോഗിയുണ്ടെങ്കിൽ നിങ്ങള്‍ക്കിതാ ഇവിടെ പശുക്കൾ ഉണ്ട്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിന്‍റെ പുറകില്‍ അടിക്കുകയും പശുവിനെ സേവിക്കുകയും ചെയ്‌താല്‍ രക്തസമ്മര്‍ദം കുറയും. പത്ത് ദിവസത്തിനുളളില്‍ രക്തസമ്മര്‍ദത്തിന്‍റെ മരുന്നിന്‍റെ അളവ് പകുതിയായി വെട്ടികുറയ്‌ക്കുകയും ചെയ്യാം..' മന്ത്രി പറഞ്ഞു.
'കാൻസർ രോഗികള്‍ പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടന്നാൽ രോഗം ഭേദമാകും. ചാണകവറളി കത്തിച്ചാൽ കൊതുകിൽ നിന്ന് രക്ഷനേടാനാകും. പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഒരു വിധത്തിൽ ഉപയോഗപ്രദമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയലിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ കുറിച്ച് പരാതിപ്പെട്ട കർഷകരോട് നമ്മള്‍ അമ്മയെ സേവിക്കുന്നില്ല, അതിനാൽ അമ്മ നമ്മളെ ഉപദ്രവിക്കുന്നു എന്ന് മന്ത്രി മറുപടി നല്‍കി. ഈദ് ദിനത്തിൽ മുസ്ലീങ്ങളോട് ഗോശാലയിലേക്ക് വരാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. ഈദ് ദിനത്തിൽ വെർമിസെല്ലി പശുവിൻ പാലിൽ ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.
ഈ ഗോശാലയില്‍ പശുക്കള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും പാര്‍പ്പിടവും ഒരുക്കിയിട്ടുണ്ട്. ആളുകളെ പശുക്കളുമായി ബന്ധിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും പശുക്കളോടൊപ്പം ആഘോഷിക്കാനും ഗോശാലയ്ക്ക് കാലിത്തീറ്റ ദാനം ചെയ്യാനും ജനങ്ങളോട് മന്ത്രി അഭ്യർഥിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2012ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി ടിക്കറ്റിൽ ഗാംഗ്വാറില്‍ നിന്ന് മത്സരിച്ച സഞ്ജയ് സിങ് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് 2017ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം പിലിബിത്ത് സീറ്റിൽ നിന്ന് വിജയിച്ചു. 2022ലെ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് മന്ത്രിയായി.
Also Read: പശുക്കള്‍ ഇനി 'രാജ്യ മാത'; പ്രതിദിന സബ്‌സിഡി പദ്ധതിയും നടപ്പിലാക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍