ലഖ്‌നൗ : ഉത്തര്‍പ്രദേശ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്‍റ് പരീക്ഷയെഴുതാനെത്തിയ പൂര്‍ണ ഗര്‍ഭിണിയായ ഉദ്യോഗാര്‍ഥിക്ക് ആശുപത്രിയില്‍ സുഖപ്രസവം. പരീക്ഷയ്‌ക്കിടെ പ്രസവവേദന അനുഭവപ്പെട്ടതിന് പിന്നാലെയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉന്നാവ് ജില്ലയിലെ പരീക്ഷ സെന്‍ററിലാണ് സംഭവം.
ഉന്നാവിലെ പടാൻ ഗ്രാമവാസിയായ സുനിത കഴിഞ്ഞ ദിവസം രാവിലെയാണ് കാഞ്ചൻ നഗറിലെ മഹർഷി ദയാനന്ദ് സരസ്വതി മിഷൻ ഇൻ്റർ കോളജിൽ പരീക്ഷയ്‌ക്കായെത്തിയത്. പരീക്ഷയെഴുതുന്നതിനിടെ വേദന അനുഭവപ്പെട്ടതോടെ യുവതി ഇൻവിജിലേറ്ററുടെ സഹായം തേടി. പിന്നാലെ, അദ്ദേഹം യുവതിയുടെ ആരോഗ്യനിലയെ കുറിച്ച് സെൻ്റർ അഡ്‌മിനിസ്ട്രേറ്റര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് യുവതിയെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ വച്ചാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് ശേഷമാണ് വിവരം യുവതിയുടെ കുടുംബം അറിയുന്നത്.
Also Read : യുപി പൊലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷയില്‍ ക്രമക്കേട്: നൂറിലേറെ പേര്‍ അറസ്റ്റില്‍
സുനിതയുടെ ഭര്‍ത്താവ് ദീപു ഇക്കഴിഞ്ഞ സെപ്‌റ്റംബറിലാണ് വാഹനാപകടത്തില്‍ മരിച്ചത്. ഗര്‍ഭിണിയായിരിക്കെ പരീക്ഷയ്‌ക്കായി കഠിനമായ തയ്യാറെടുപ്പുകളാണ് സുനിത നടത്തിയത്. പ്രസവത്തിന് ശേഷം സുനിതയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുടുംബം അറിയിച്ചു.