വാരണാസി: എക്‌സിറ്റ് പോൾ ഫലങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനും വാരാണസി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ അജയ് റായ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻവിജയം നേടുമെന്ന എക്‌സിറ്റ് പോൾ ഫലം ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് മികച്ച പ്രകടനം കാഴ്‌ചവച്ചെന്നും നാളെ ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്നും അജയ് റായ് പറഞ്ഞു. വാരാണസിയിൽ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും ജനവിധി തേടുന്ന 'ഹോട്ട്' സീറ്റുകളിലൊന്നാണ് വാരണാസി. മോദിക്കെതിരെയാണ് സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് മത്സരിക്കുന്നത്. എക്‌സിറ്റ് പോൾ ഫലമനുസരിച്ച് എൻഡിഎക്ക് വൻ വിജയമാണ് പ്രവചിക്കുന്നത്. ഇത് മോദി സർക്കാരിന്‍റെ ഭരണത്തുടർച്ചയെ ആണ് സൂചിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ 80ൽ 65 സീറ്റുകളും നേടി ബിജെപി വിജയിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. എൻഡിഎ സഖ്യകക്ഷികളായ അപ്‌നാ ദൾ, രാഷ്‌ട്രീയ ലോക്‌ദൾ എന്നിവർ 2 സീറ്റുകൾ വീതവും അഖിലേഷ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി 10 സീറ്റുകൾ വീതവും കോൺഗ്രസ് ഒരു സീറ്റ് വീതവും നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലം വന്നത്. ഇതോടെ എൻഡിഎയ്‌ക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 69ഉം ഇന്ത്യ സഖ്യത്തിന് ആകെ 11 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.
വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ യാഥാർത്ഥ്യമായാൽ, ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്ന് തവണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ഏക പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും.
Also Read: 'പുറത്ത് വന്നത് എക്‌സിറ്റ് പോളല്ല, മോദി മീഡിയ പോൾ': പരിഹസിച്ച് രാഹുല്‍ ഗാന്ധി