ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. രണ്ടാഴ്‌ചത്തെ ഇടക്കാല ജാമ്യമാണ് കോടതി ഉന്നാവോ പ്രതി കുല്‍ദീപ് സിങ് സെനഗറിന് നല്‍കിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. ബിജെപി നേതാവായിരുന്ന ഇയാളെ സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജസ്റ്റിസ് പ്രതിബ എം സിങാണ് തത്ക്കാലത്തേക്ക് ശിക്ഷ റദ്ദാക്കി ഇയാള്‍ക്ക് രണ്ടാഴ്‌ചത്തെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇയാളെ ഉടന്‍ തന്നെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഡല്‍ഹി വിട്ട് പോകരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ആരോഗ്യനില പരിഗണിച്ചാണ് നടപടിയെന്നും ജസ്റ്റിസ് അമിത് ശര്‍മ്മ കൂടി ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. എയിംസിലെ മെഡിക്കല്‍ ബോര്‍ഡില്‍ നിന്ന് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് ഈ മാസം ഇരുപതിന് കോടതി പരിഗണിക്കും. ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഇയാള്‍ പത്ത് വര്‍ഷം കഠിന തടവും അനുഭവിച്ചു വരികയാണ്. ആ കേസില്‍ ഇടക്കാല ജാമ്യത്തിനുള്ള ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന്‍റെ പരിഗണനയിലാണ്.
നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെനഗര്‍ ജാമ്യം തേടിയത്. തിമിരമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്ന് ഇയാള്‍ കോടതിയെ ബോധിപ്പിച്ചു. ഇരയുടെ അഭിഭാഷകനും സിബിഐയും ജാമ്യഹര്‍ജിയെ എതിര്‍ത്തു. അതേസമയം, ഉന്നാവോ കേസില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. 2019 ഡിസംബറില്‍ തന്നെ ജീവപര്യന്തം തടവിന് വിധിച്ച കോടതി വിധി തള്ളണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
2017ലാണ് സെനഗര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തത്. ഇരയുടെ പിതാവിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ച് പതിമൂന്നിന് സെനഗറിനെ പത്ത് വര്‍ഷം കഠിന തടവിന് വിധിച്ചു. പത്ത് ലക്ഷം രൂപ പിഴയും ചുമത്തി. സെനഗറിന്‍റെ സഹോദരന്‍ അതുല്‍ സിങ് സെനഗറിനും മറ്റ് അഞ്ച് പേര്‍ക്കും പത്ത് വര്‍ഷത്തെ തടവ് കോടതി വിധിച്ചിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിനെ ആയുധ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്‌തത്. ഇതിന് പിന്നില്‍ സെനഗറായിരുന്നു. 2018 ഏപ്രില്‍ ഒന്‍പതിന് ഇദ്ദേഹം പൊലീസ് കസ്റ്റഡിയില്‍ വച്ച് മരിച്ചു. ബലാത്സംഗക്കേസും ബന്ധപ്പെട്ട മറ്റ് കേസുകളും ഉത്തര്‍പ്രദേശിലെ വിചാരണ കോടതിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാന്‍ 2019 ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി ഉത്തരവിട്ടു.
Also read: ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ഭാര്യയുടെ സ്ഥാനാർഥിത്വം റദ്ദാക്കി ബിജെപി