പട്‌ന : അമിത വേഗതയ്‌ക്ക് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ്റെ കാറിന് പിഴ. ട്രാഫിക് ലംഘനത്തിന് പിഴ അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് ചലാൻ പുറപ്പെടുവിച്ചു. ചലാൻ സ്ഥിരീകരണ സന്ദേശം ചിരാഗ് പാസ്വാൻ്റെ മൊബൈൽ നമ്പറിലേക്കാണ് അയച്ചത്.
അമിത വേഗതയ്‌ക്ക് 2000 രൂപയാണ് പിഴ ചുമത്തിയത്. ഓഗസ്റ്റ് 24 ന് പട്‌നയിൽ നിന്ന് ഹാജിപുരയിലേക്ക് പോകുകയായിരുന്നു ചിരാഗ് പാസ്വാൻ്റെ കാർ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ അമിത വേഗതയുണ്ടായിരുന്നെന്ന് ഇ-ഡിറ്റക്ഷൻ ക്യാമറയിൽ കണ്ടെത്തുകയായിരുന്നു.
സംസ്ഥാനത്തെ എല്ലാ ടോൾ പ്ലാസകളിലും ബിഹാർ സർക്കാർ ഇ-ഡിറ്റക്ഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി ഓട്ടോമാറ്റിക്കായി ചലാൻ പുറപ്പെടുവിക്കുന്ന സംവിധാനമാണിത്. ടോൾ പ്ലാസകളിലെ ഇ-ഡിറ്റക്ഷൻ സംവിധാനത്തെക്കുറിച്ച് ഗതാഗത സെക്രട്ടറി സഞ്ജയ് അഗർവാൾ ഏപ്രിൽ മാസത്തിൽ തന്നെ അറിയിപ്പ് നല്‍കിയിരുന്നു.
എല്ലാ ടോൾ പ്ലാസകളിലും ഉയർന്ന റെസല്യൂഷനുള്ള സിസിടിവി ക്യാമറകളാണ് അധികൃതർ സ്ഥാപിച്ചിട്ടുള്ളത്. ഫിറ്റ്‌നസ്, മലിനീകരണം, ഇൻഷുറൻസ്, അമിതവേഗം, സീറ്റ് ബെൽറ്റിൻ്റെ അഭാവം തുടങ്ങിയ നിയമങ്ങൾ ലംഘിച്ച വാഹനങ്ങൾ ക്യാമറയിൽ പെട്ടാൽ പിഴ ചുമത്തും. കൂടാതെ ചലാന്‍ സംബന്ധിച്ച വിവരം രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ അയയ്‌ക്കുകയും ചെയ്യുന്നതാണ് ഇ-ഡിറ്റക്ഷൻ സംവിധാനം.
സംസ്ഥാനത്തെ 32 ടോൾ പ്ലാസകളും ഇ-ഡിറ്റക്ഷൻ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 12000 വാഹനങ്ങൾക്കാണ് ബിഹാറിൽ ഇ-ഡിറ്റക്ഷൻ സംവിധാനം വഴി ചലാനുകളാണ് നൽകിയത്. ഇതിൽ നിരവധി വിഐപികളും ഉൾപ്പെടുന്നു.