ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിലെ സായുധ സേനയെയും അവര്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേക പദവിയും പിന്‍വലിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രഭരണ പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കാനും ക്രമസമാധാന പാലനം പൊലീസിന് മാത്രം വിട്ടുനല്‍കാനും സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ജെകെ മീഡിയ ഗ്രൂപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി അമിത് ഷാ.
നേരത്തെ കശ്‌മീര്‍ പൊലീസില്‍ വിശ്വാസമില്ലായിരുന്നു. എന്നാല്‍ ഇന്ന് പൊലീസ് പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നുണ്ടെന്നും അഫ്‌സ്‌പ പിന്‍വലിക്കുന്നതിനെ കുറിച്ച് തങ്ങള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
കശ്‌മീരിലെ പ്രശ്‌ന ബാധിത മേഖലകളില്‍ ക്രമസമാധാന പാലനത്തിനായി ആവശ്യമെങ്കില്‍ തെരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനുമുള്ള സായുധ സേനയുടെ അധികാരമാണ് അഫ്‌സ്‌പ. ജമ്മു കശ്‌മീരില്‍ അഫ്‌സ്‌പ പ്രാബല്യത്തിലുണ്ടെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 70 ശതമാനം പ്രദേശങ്ങളിലും അഫ്‌സ്‌പ നീക്കം ചെയ്‌തതായി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു.
കൂടാതെ സെപ്‌റ്റംബറിന് മുമ്പ് ജെ-കെയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നും ഷാ പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുമ്പ് നടത്തണമെന്ന് നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ജമ്മു കശ്‌മീരില്‍ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്‌ദാനമാണെന്നും അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീരിലെ ഒബിസികൾക്ക് സർക്കാർ സംവരണവും സ്‌ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണവും നല്‍കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. പഞ്ചായത്തിലും നഗര തദ്ദേശ സ്ഥാപനങ്ങളിലും ഒബിസി സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെയും തങ്ങള്‍ പരിഗണിച്ചിട്ടുണ്ട്.
ഈ ആനുകൂല്യങ്ങൾ താഴേത്തട്ടിലേക്ക് വ്യാപിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ കോൺഫറൻസ് (എൻസി) നേതാവ് ഫാറൂഖ് അബ്‌ദുള്ളയും പിഡിപി മേധാവി മെഹബൂബ മുഫ്‌തിയും ഈ സംവരണങ്ങളിൽ അധിക്ഷേപം സൃഷ്‌ടിക്കാൻ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ ജനങ്ങൾക്ക് ഇപ്പോള്‍ അവരുടെ ഉദ്ദേശ്യം മനസിലായെന്നും ഷാ പറഞ്ഞു.
കഴിഞ്ഞ 75 വര്‍ഷമായി നാഷണല്‍ കോണ്‍ഫറന്‍സ് എന്തുകൊണ്ടാണ് ഈ ആളുകള്‍ക്ക് സംവരണം നല്‍കാത്തതെന്നും മന്ത്രി ചോദിച്ചു. തീവ്രവാദം അതിന്‍റെ മൂർധന്യാവസ്ഥയിൽ ആയിരുന്നപ്പോൾ എൻസി നേതാവ് ഫാറൂഖ് അബ്‌ദുള്ള ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. അബ്‌ദുള്ളയ്ക്കും മെഹബൂബയ്ക്കും ഈ വിഷയത്തിൽ സംസാരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെ ഭരണകാലത്തുണ്ടായ അത്രയും ഏറ്റുമുട്ടലുകള്‍ മറ്റ് ഭരണ കാലങ്ങളിലുണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജമ്മു കശ്‌മീരില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടായിട്ടില്ല. കശ്‌മീരിലെ യുവാക്കളുമായി തങ്ങൾ ചർച്ച നടത്തും.
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 12 സംഘടനകളെ മോദി സർക്കാർ നിരോധിക്കുകയും 36 വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കുകയും ചെയ്‌തു. തീവ്രവാദ ധനസഹായം തടയാൻ 22 ലധികം കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 150 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി. 134 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഇവിടെ തങ്ങള്‍ ക്രമസമാധാനം പ്രധാനം ചെയ്‌തു. സമാധാനം മറ്റൊരിടത്ത് നിന്നും വാങ്ങിക്കാന്‍ സാധിക്കില്ല. ഇതുസംബന്ധിച്ച് ആര്‍ക്കെങ്കിലും സംവാദം നടത്തണമെങ്കില്‍ അത് ഭരണഘടനയുടെ പരിധിയില്‍ നിന്ന് ചെയ്യേണ്ടതാണ്. എന്നാല്‍ ചര്‍ച്ചയില്‍ ഹൂറിയത്ത് കോണ്‍ഫറന്‍സിന് സ്ഥാനമില്ലെന്നും ഷാ പറഞ്ഞു.
മുസ്‌ലീം സഹോദരങ്ങളും ഇന്ത്യക്കാരാണ്. പിഒകെയില്‍ താമസിക്കുന്ന ഹിന്ദു സഹോദരങ്ങളും ഇന്ത്യക്കാരാണ്. പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയും ഇന്ത്യയുടേതാണ്. ഓരോ ഇന്ത്യക്കാരന്‍റെയും ഓരോ കശ്‌മീരിയുടെയും ലക്ഷ്യമാണ് അതെന്നും അമിത് ഷാ പറഞ്ഞു.
2004 മുതൽ 2014 വരെ 7217 ഭീകരാക്രമണങ്ങളാണ് ജമ്മു കശ്‌മീരിലുണ്ടായത്. 2014 മുതൽ 2023 വര്‍ഷത്തില്‍ ഇത് 2227 ആയി കുറഞ്ഞു. ഇത് ഏകദേശം 70 ശതമാനം കുറവാണെന്നും അദ്ദേഹം പറഞ്ഞു. 2004 മുതൽ 2014 വരെയുള്ള മൊത്തം മരണങ്ങളുടെ എണ്ണം 2829 ആയിരുന്നുവെന്നും 2014-23ൽ ഇത് 915 ആയി കുറഞ്ഞുവെന്നും ഇത് 68 ശതമാനം കുറവാണെന്നും ഷാ പറഞ്ഞു.
സാധാരണക്കാരുടെ മരണം 1770 ആയിരുന്നത് 341 ആയി കുറഞ്ഞു. അതായത് 81 ശതമാനം കുറവുണ്ടായി. സുരക്ഷ സേനയുടെ മരണങ്ങൾ 1060ൽ നിന്ന് 574 ആയി കുറഞ്ഞു. ജനങ്ങളുടെ പിന്തുണയില്ലാതെ ഇത്രയും സമഗ്രമായ മാറ്റം ഒരിക്കലും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മരിച്ചവരിൽ 85 ശതമാനവും നമ്മുടെ മുസ്‌ലിം സഹോദരീസഹോദരന്മാരാണെന്ന് ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുന്നവർ അറിയണമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍റെ ഗൂഢാലോചനകളിൽ നിന്ന് വിട്ടുനിൽക്കാൻ ജെ-കെയിലെ യുവാക്കളോടും ഷാ ആവശ്യപ്പെട്ടു. "ഇന്ന് പാകിസ്ഥാൻ പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും വിപത്തില്‍പ്പെട്ടിരിക്കുകയാണ്. അവിടെയുള്ള ആളുകൾ പോലും കശ്‌മീരിനെ സ്വർഗമായി കാണുന്നു. ആർക്കെങ്കിലും കശ്‌മീരിനെ രക്ഷിക്കാൻ കഴിയുമെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും ഷാ പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകിക്കൊണ്ട് സുരക്ഷ സേനയുടെ ആത്മവീര്യം വർധിപ്പിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ന് ഒരു രക്തസാക്ഷി കുടുംബം പോലും ജോലിയില്ലാതെ അവശേഷിക്കുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.