ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള മൂലധനച്ചെലവ് 11,11,111 കോടി രൂപയായിരിക്കുമെന്ന് ധനമന്ത്രി. ഇത് രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) ഏകദേശം 3.4 ശതമാനമാണ്.
സംസ്ഥാന സർക്കാരുകളുടെ അടിസ്ഥാന സൗകര്യ നിക്ഷേപത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടി ദീർഘകാല പലിശ രഹിത വായ്‌പകൾക്കായി 1.5 ലക്ഷം കോടി നീക്കിവച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍റെ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ (പിഎംജിഎസ്‌വൈ) നാലാം ഘട്ടത്തിന് കീഴിൽ, രാജ്യത്തുടനീളമുള്ള 25,000 ഗ്രാമീണ ആവാസവ്യവസ്ഥകളിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നൽകും.
ഇറിഗേഷന്‍ ബെനഫിറ്റ് പ്രോഗ്രാം സ്‌കീമിന് കീഴില്‍ കോസി-മെച്ചി ഇൻട്രാ-സ്റ്റേറ്റ് ലിങ്ക് പോലുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാർ 11,500 കോടി രൂപയുടെ പിന്തുണ വാഗ്ദാനം ചെയ്‌തു. വിവിധ പ്രകൃതിക്ഷോഭത്തിന് ഇരയായ വടക്ക്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജും കേന്ദ്രം പ്രഖ്യാപിച്ചു.
പ്രളയ ദുരിതം കൈകാര്യം ചെയ്യാൻ അസമിനും ഹിമാചൽ പ്രദേശിനും കേന്ദ്ര സർക്കാർ സഹായം നൽകും. മേഘ സ്ഫോടനങ്ങൾ, വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകൾ എന്നിവ മൂലമുള്ള നാശനഷ്‌ടങ്ങള്‍ക്ക് ഉത്തരാഖണ്ഡിനും സിക്കിമിനും സമാനമായ പിന്തുണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.