ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് ഏകസിവില്‍ കോഡിലേക്ക്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക സിവില്‍ കോഡ് ബിൽ അവതരിപ്പിച്ചു. ജയ്ശ്രീറാം വിളികള്‍ക്കിടയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ബില്‍ നിയമസഭയിയില്‍ അവതരിപ്പിച്ചത് (Uniform Civil Code 2024 Bill). സഭ പിന്നീട് ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു.
തിങ്കളാഴ്‌ച ആരംഭിച്ച ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ബില്‍ അവതരണം. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം വിദഗ്‌ധ സമിതി നൽകിയ റിപ്പോർട്ടിന് അംഗീകാരം നൽകിയിരുന്നു. റിട്ടയേർഡ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് ഏക സിവില്‍ കോഡ് ബില്ലിന്‍റെ കരട് മുഖ്യമന്ത്രിക്ക് കൈമാറിയത്. ബിൽ സഭ പാസാക്കിയാൽ സ്വാതന്ത്ര്യാനന്തരം യുസിസി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
ദേവഭൂമിയായ ഉത്തരാഖണ്ഡിന് ഇന്ന് ഒരു പ്രത്യേക ദിനമാണെന്നും, ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിന് അര്‍ത്ഥം നല്‍കുന്നതാണ് സർക്കാരിന്‍റെ നടപടിയെന്നും ബിൽ അവതരണത്തിന് മുന്നോടിയായി പുഷ്‌കര്‍ സിങ് ധാമി എക്‌സില്‍ കുറിച്ചു. ഏക സിവില്‍ കോഡ് ബിൽ നടപ്പിലാക്കുന്നതിലേക്ക് ആദ്യം നീങ്ങുന്നത് ഉത്തരാഖണ്ഡ് ആണെന്നത് അഭിമാന നിമിഷമാണെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി.