ന്യൂഡല്‍ഹി: യുജിസി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതില്‍ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത് എത്തിയിരുന്നു. പരീക്ഷ സംബന്ധിച്ച് തങ്ങള്‍ക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ താത്പര്യം മുന്‍നിര്‍ത്തി സ്വമേധയ പരീക്ഷ റദ്ദാക്കുകയായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
തങ്ങള്‍ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പരീക്ഷയുടെ പുതുക്കിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇന്നലെയാണ് (ജൂണ്‍ 19) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ നടത്തിപ്പില്‍ വീഴ്‌ചയുണ്ടായെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേട് സംബന്ധിച്ച് വലിയ തര്‍ക്കം നിലനില്‍ക്കേയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നടപടി. നിലവില്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.