ബെംഗളൂരു/ചെന്നൈ : 'സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുക' എന്ന പരാമർശത്തിന്‍മേലുള്ള കേസില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ചൊവ്വാഴ്‌ച ബെംഗളൂരു കോടതിയിൽ ഹാജരായേക്കും. സാമൂഹിക പ്രവർത്തകനായ പരമേഷ് നൽകിയ ഹർജിയിന്‍മേലാണ് കോടതി ഉദയനിധിക്ക് നോട്ടീസ് അയച്ചത്.
തിങ്കളാഴ്‌ച രാത്രിയാണ് ഉദയനിധി ബെംഗളൂരുവിലേക്ക് പോയത്. കായിക- യുവജനക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉദയനിധി, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ്റെ മകനാണ്.
2023 സെപ്റ്റംബറിൽ ഒരു സമ്മേളനത്തിൽ സനാതന ധർമ്മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ ഈ പ്രസ്‌താവനയ്‌ക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു.