തേനി: തമിഴ്‌നാട്ടിലെ തേനിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി തങ്കതമിഴ്‌സെല്‍വന് പിന്തുണയുമായി മന്ത്രി ഉദയനിധി സ്‌റ്റാലിന്‍റെ കൂറ്റന്‍ റോഡ് ഷോ. എല്ലാവരും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്കത്തമിഴ് സെല്‍വന് വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകന്‍ കൂടിയായ ഉദയനിധി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു(Udhayanidhi Stalin at Theni roadshow).
റോഡ്‌ഷോയില്‍ ബിജെപിയെ കടന്നാക്രമിച്ചായിരുന്നു ഉദയനിധിയുടെ പ്രസംഗം. നമ്മുടെ ഭാഷാവകാശം പോലും അവര്‍ കവര്‍ന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പത്ത് വര്‍ഷത്തിനിടെ എത്ര തവണ മോദി തമിഴ്‌നാട്ടിലെത്തി, വരുമ്പോഴെല്ലാം തമിഴിന്‍റെയും തിരുക്കുറലിന്‍റെയും അഭിമാനത്തെ പറ്റി വാചാലനാകുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭാഷാവകാശങ്ങള്‍ ശരിക്കും അദ്ദേഹം കവര്‍ന്നിരിക്കുകയാണെന്നും ഉദയനിധി ആരോപിച്ചു.
തമിഴ്‌നാട് സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി പല പദ്ധതികളും നടപ്പാക്കി വരുന്നു. അതിലൊന്നാണ് മുഖ്യമന്ത്രിയുടെ പുതുമൈ ബെന്‍ പദ്ധതി. കോളജ് വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുന്ന പദ്ധതിയാണിത്. ഇതിലൂടെ കൂടുതല്‍ പെണ്‍കുട്ടികളെ വിദ്യാഭ്യാസമേഖലയിലെത്തിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
നീറ്റ് പരീക്ഷയെ പേടിച്ച് ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ചത് എഐഎഡിഎംകെ മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നീറ്റിന് അനുമതി നല്‍കിയത് എഐഎഡിഎംകെയാണ്. ജയലളിത മുഖ്യമന്ത്രി ആയിരുന്ന കാലം വരെ സംസ്ഥാനത്ത് നീറ്റ് കടന്ന് വരാന്‍ അനുവദിച്ചില്ല. എന്നാല്‍ അവരുടെ മരണത്തോടെ അടിമകള്‍ നീറ്റ് പരീക്ഷയ്ക്ക് അനുമതി നല്‍കിയെന്നും പളനി സ്വാമി സര്‍ക്കാരിനെ പേരെടുത്ത് പറയാതെ അദ്ദേഹം ആരോപിച്ചു.
ബിജെപിയോടുള്ള ഭയം കൊണ്ടാണ് ഇത്തരമൊരു നീക്കം അവര്‍ നടത്തിയത്. ഇതിന്‍റെ ഫലമായി അനിതയെപ്പോലെ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയില്‍ അഭയം തേടി. ഇതുവരെ 22 വിദ്യാര്‍ത്ഥികളാണ് നീറ്റിനെ ഭയന്ന് മരണം വരിച്ചത്. ഇത് ആത്മഹത്യയല്ല, എഐഎഡിഎംകെയും ബിജെപിയും നടത്തിയ കൊലപാതകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ ഇവര്‍ തമ്മില്‍ സഖ്യമില്ലെന്നാണ് ഭാവിക്കുന്നതെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.
Also Read: 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ ; പ്രകടന പത്രികയും പുറത്ത്
ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ അഞ്ഞൂറ് രൂപയ്ക്ക് പാചകവാതകം ലഭ്യമാക്കുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. 2014ല്‍ പാചകവാതക വില നാനൂറ് രൂപയായിരുന്നു. ഇപ്പോഴിത് 1100 ല്‍ എത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി 100 രൂപ ബിജെപി സര്‍ക്കാര്‍ കുറച്ചു എന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ 75 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്നും ഉദയനിധി വ്യക്തമാക്കി. ദേശീയ പാതകളിലെ മുഴുവന്‍ ടോള്‍ ബൂത്തുകളും നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.